താനൂരിലെ ഹര്‍ത്താല്‍ ആക്രമണങ്ങള്‍ക്ക് കാരണം പോലിസ് നിഷ്‌ക്രിയത്വവും ആര്‍എസ്എസ് അക്രമവും

താനൂര്‍: സോഷ്യല്‍ മീഡിയവഴി നടന്ന ഹര്‍ത്താലില്‍ താനൂരില്‍ വ്യാപകമായ അക്രമ പ്രവര്‍ത്തനങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കലും നടക്കാന്‍ കാരണമായത് പോലിസ് നിഷ്‌ക്രിയത്വവും ആര്‍എസ്എസ് മുന്‍ ദിവസങ്ങളില്‍ നടത്തിയ അക്രമങ്ങളുമാണെന്ന് വ്യക്തമായി. സിപിഎം-ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം അക്രമം വ്യാപിക്കാന്‍ കാരണമായെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനവും ആവേശവും നടന്നിട്ടും നിയന്ത്രിക്കാന്‍ പോലിസ് തയ്യാറാകാതെ നോക്കി നില്‍ക്കുകയായിരുന്നു. തീരദേശത്തെ അക്രമങ്ങളില്‍ സ്ഥിരസാനിധ്യമായ ലീഗ്-സിപിഎം പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ നഗരത്തിലെത്തി കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടും അവരെ നേരിടാന്‍ പോലിസ് തയ്യാറായില്ല. കെആര്‍ ബേക്കറിയും പടക്കക്കടയും മറ്റു സ്ഥാപനങ്ങളും അക്രമിക്കുമ്പോള്‍ പോലിസ് കാഴ്ചക്കാരായിരുന്നു. സിപിഎം പ്രാദേശിക നേതാവായ ചാപ്പപ്പടിയിലെ പാണാച്ചിന്റെ പുരക്കല്‍ അന്‍സാറിന്റെ നേതൃത്വത്തിലാണ് ബേക്കറിക്ക് നേരെയുള്ള അക്രമം. ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലിസ് തയ്യാറായിട്ടില്ല.
അണികളെ അക്രമത്തിനിറക്കിയ ശേഷം ഉച്ചയോടെ താനൂരിലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ഹര്‍ത്താലില്‍ നിന്ന് പിന്‍വാങ്ങാന്‍ ആഹ്വാനം ചെയ്യുന്ന വോയ്‌സ് മെസേജ് പുറത്ത് വന്നിട്ടുണ്ട്. സിപിഎം ആസൂത്രിതമായി അക്രമങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്. തീരദേശത്തെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരും ഹര്‍ത്താലില്‍ സജീവമായി തന്നെ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ അക്രമികളുടെ മുഖങ്ങള്‍ പതിഞ്ഞിട്ടും അവരെ തിരിച്ചറിഞ്ഞ പോലിസ് അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതില്‍ പ്രതിഷേധം വ്യാപകമാണ്. ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെയും 10ല്‍ താഴെ ആളുകളെ മാത്രമാണ് പോലിസ് പിടികൂടിയിരിക്കുന്നത്. ഇതില്‍ തന്നെ ഏതാനും നിരപരാധികളുണ്ടെന്ന് ആക്ഷേപം ഉയരുകയും ചെയ്തിട്ടുണ്ട്. സിപിഎം നിര്‍ദ്ദേശ മനുസരിച്ച് പോലിസ് പ്രവര്‍ത്തിക്കുന്നുവെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തെ കുറിച്ചോ അറസ്റ്റിനെകുറിച്ചോ പോലിസ് വാര്‍ത്താ മാധ്യമങ്ങളോട് പോലും വിശദീകരിക്കാന്‍ തയ്യാറാവുന്നില്ല.  ആസിഫയുടെ ദാരുണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ വിവിധ രഷ്ട്രീയ സാമൂഹിക സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. അവയില്‍ ചിലത് ആര്‍എസ്എസ് ശക്തി കേന്ദ്രങ്ങളായ ചിറക്കല്‍, കുന്നുംപുറം ഭാഗങ്ങളിലേക്കും പോയിരുന്നു.
വാട്‌സാപ് ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച പ്രകടനങ്ങളാണ് ഇങ്ങനെ ഫാഷിസ്റ്റുകളുടെ കേന്ദങ്ങളിലെത്തിയത്. ആര്‍എസ്എസുകാര്‍ ആ പ്രകടനങ്ങളെ അക്രമിക്കുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. കുന്നുംപുറത്ത് ഹര്‍ത്താല്‍ ദിവസം ഉച്ചക്ക് ശേഷം ബൈക്കില്‍ പോവുകയായിരുന്ന ആര്‍ പി റഷീദ്, പി സുബൈര്‍, എ പി ആശിഖ് എന്നേവരെ കുന്നേക്കാട്ട് സുബാഷ്, പരമേശ്വരന്‍, സുര എന്നീ ആര്‍എസ്എസുകാരുടെ നേതൃത്വത്തില്‍ അക്രമിച്ചിരുന്നു. ശോഭ പറമ്പിനു മുന്നിലുള്ള റോഡില്‍ വെച്ചും ആര്‍എസ്എസുകാര്‍ അക്രമങ്ങള്‍ക്ക് ശ്രമിച്ചിരുന്നു. താനൂര്‍ ഓലപ്പീടികയില്‍ വെച്ച് കൊല്ലഞ്ചേരി ആശിഖ് (20)നെ ആര്‍എസ്എസുകാര്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. കുണ്ടുങ്ങള്‍ താടിപ്പടിയിലെ സമദ് ബാഖവിക്ക് നേരെയും അതിക്രൂരമായ അക്രമങ്ങളാണ് സംഘപരിവാരനടത്തിയത്. ഇക്കാര്യങ്ങളിലൊന്നും കേസെടുക്കാതിരുന്ന പോലിസ് അക്രമികള്‍ക്ക് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. താനൂര്‍ പോലിസ് സ്‌റ്റേഷനിലെ ചിലരും സംഘപരിവാര അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. ഹര്‍ത്താല്‍ ദിനം പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അക്രമങ്ങള്‍ വ്യാപകമാവുകയില്ലായിരുന്നുവെന്നാണ് വ്യാപാരികള്‍ തന്നെ പറയുന്നത്.

RELATED STORIES

Share it
Top