തവനൂര്‍ വൃദ്ധ മന്ദിരത്തിലെ കൂട്ടമരണം; മന്ത്രി കെ ടി ജലീലിന്റെ നടപടി പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

എടപ്പാള്‍: സാമൂഹിക ക്ഷേമവകുപ്പിന് കീഴിലുള്ള തവനൂരിലെ വൃദ്ധ മന്ദിരത്തിലെ അന്തേവാസികളായ നാലുപേര്‍ അസ്വാഭാവിക മരണത്തിനിരയായ സംഭവത്തില്‍ മന്ത്രി ജലീലിന്റെ നടപടി പ്രതിഷധാര്‍ഹമാണെന്ന് എസ്്ഡിപിഐ തവനൂര്‍ മണ്ഡലം നേതാക്കള്‍ പ്രസ്താവിച്ചു. അന്തേവാസികള്‍ മരണമടഞ്ഞ ദിവസം തിരൂരിലുണ്ടായിരുന്ന മന്ത്രി ജലീല്‍ വൃദ്ധമന്ദിരം സന്ദര്‍ശിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് തവനൂര്‍ മണ്ഡലം നേതാക്കളായ മരക്കാര്‍ ഹാജി മാങ്ങാട്ടൂര്‍, നൂറുല്‍ഹഖ് ആവശ്യപ്പെട്ടു.
സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണു പ്രകടിപ്പിച്ചത്. തവനൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള ഫണ്ട് അദ്ദേഹത്തിന് നല്‍കിയത് ഈ വൃദ്ധമന്ദിരത്തിലെ അന്തേവാസികളായിരുന്നു. തന്റെ രണ്ടാം വീടാണ് തവനൂര്‍ വൃദ്ധമന്ദിരമെന്ന് പറഞ്ഞു നടക്കാറുള്ള മന്ത്രി വിളിപ്പാടകലെയുള്ള ഈ സ്ഥാപനത്തില്‍ കൂട്ടമരണം നടന്നിട്ടും ഇതേകുറിച്ച് അന്വേഷിക്കണമെന്ന് പറയാന്‍ തയ്യാറാവാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരിക്കയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
ഞായറാഴ്ച ഹൃദയസംബന്ധമായ അസുഖം ബാധിച്ച ഒരു അന്തേവാസിയെ ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചതായി അറിയുന്നു. ഡോക്ടറെ കാണിച്ച ശേഷം അപ്പോള്‍ തന്നെ ഈ രോഗിയെ തിരിച്ചു കൊണ്ടുവന്നിരുന്നു. ഇന്നലെ മരണമടഞ്ഞവരില്‍ ഒരാള്‍ ഈ വ്യക്തികൂടി ആണെന്നുള്ളത് ആശങ്കയുയര്‍ത്തുന്നാണ്.
തൊണ്ണൂറോളം അന്തേവാസികള്‍ താമസിക്കുന്ന ഇവിടെയുണ്ടായ ഈ കൂട്ടമരണം മറ്റു അന്തേവാസികളില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. വൃദ്ധരും പലവിധ അസുഖങ്ങള്‍ ഉള്ളവരുമായ വൃദ്ധജനങ്ങള്‍ താമസിക്കുന്ന സ്ഥാപനത്തില്‍ ആവശ്യത്തിന് ഡോക്ടറേയും മറ്റു ജീവനക്കാരേയും നിയമിക്കാന്‍ പോലും അധികൃതര്‍ തയ്യാറാവാത്തത് തികഞ്ഞ അനാസ്ഥയാണെന്നും ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.
തവനൂര്‍ പഞ്ചായത്ത് സെക്രട്ടറി സലാം മദിരശ്ശേരി, നൗഷാദ് അയങ്കലം, ഹംസ ഹാജി, സൈനുദ്ദീന്‍ അയങ്കലം പങ്കെടുത്തു.

RELATED STORIES

Share it
Top