തവനൂര്‍ പ്രസിഡന്റ് കെ പി സുബ്രഹ്്മണ്യനെ അവിശ്വാസത്തിലൂടെ പുറത്താക്കി

കുറ്റിപ്പുറം: രണ്ടരവര്‍ഷത്തോളം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റേയും പിന്തുണയോടെ തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച കെ പി സുബ്രഹ്മണ്യനെ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനത്തുനിന്നും പുറത്താക്കി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒമ്പതിനെതിരേ 10 വോട്ടുകള്‍ നേടിയാണ് പാസായത്. ഇതോടെ തവനൂരില്‍ എല്‍ഡിഎഫ് ഭരണത്തിനു കളമൊരുങ്ങി. 19 സീറ്റുകളുള്ള തവനൂര്‍ പഞ്ചായത്തിലെ കൂരട വാര്‍ഡില്‍നിന്നും ഇരുമുന്നണികള്‍ക്കുമെതിരേ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ പി സുബ്രഹ്്മണ്യന്‍ വിജയിച്ചത്.
ഇരുമുന്നണികള്‍ക്കും തിരഞ്ഞെടുപ്പില്‍ ഒമ്പത് വീതം സീറ്റുകള്‍ലഭിച്ചപ്പോള്‍ സ്വതന്ത്രനായ സുബ്രഹ്്മണ്യന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കി യുഡിഎഫ് കൂടെ നിര്‍ത്തുകയായിരുന്നു. ഒരുവര്‍ഷത്തോളം യുഡിഎഫ് പിന്തുണയോടെ സുബ്രഹ്്മണ്യന്‍ സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച്  സുബ്രഹ്്മണ്യന്‍ എല്‍ഡിഎഫിനൊപ്പം ചേരുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് പിന്തുണയോടെ സ്ഥാനത്ത് തുടര്‍ന്ന സുബ്രഹ്്മണ്യനെതിരേ സിപിഎം രംഗത്തുവരികയും അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കുകയുമായിരുന്നു.
എന്നാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്ത ദിവസം യുഡിഎഫിലെ നാസര്‍ കൂരട പഞ്ചായത്ത് അംഗത്വം രാജിവച്ചു. ഇതേ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. അതിനിടെയായിരുന്നു സുബ്രഹ്്മണ്യന്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നത്.
കൂരട വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച നാസര്‍ കൂരട വിജയിച്ചതോടെയാണ് എല്‍ഡിഎഫിന് പഞ്ചായത്തില്‍ 10 അംഗങ്ങളായത്. ഇതോടെയാണ് ആറുമാസത്തിനു ശേഷം എല്‍ഡിഎഫ് സുബ്രഹ്്ണ്യനെതിരേ വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

RELATED STORIES

Share it
Top