തവനൂരിലെ കൂരട വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു

എടപ്പാള്‍: തവനൂര്‍ ഗ്രാമപഞ്ചായത്തിലെ കൂരട വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ പി അബ്ദുല്‍ നാസറാണ് 467 വോട്ടിന്റെ ഭൂരിപക്ഷം നേടി യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ കെ അബൂബക്കറിനെ പരാജയപ്പെടുത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 349ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 816 വോട്ടുമാണ് ലഭിച്ചത്. പിഡിപി സ്ഥാനാര്‍ഥിക്ക് 14 വോട്ടും അപരസ്ഥാനാര്‍ഥിക്ക് എട്ടും ബിജെപി സ്ഥാനാര്‍ഥിക്ക് 89 വോട്ടുകളും ലഭിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ നിന്നും യുഡിഎഫിന്റെ മുസ്‌ലിംലീഗ് പ്രതിനിധിയായി വിജയിച്ച അബ്ദുല്‍നാസര്‍ സ്ഥാനം രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. അതേ അബ്ദുല്‍നാസര്‍ ഈ തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചാണ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫ് പിന്തുണയോടെ അന്ന് 69 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കെ പി അബ്ദുല്‍ നാസര്‍ വിജയിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്ന പുലാക്കല്‍ ചന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാി മല്‍സരിച്ച കെ കെ അബ്ദുല്‍ നാസറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്ക് നിലവില്‍ ഒന്‍പത് വീതം സീറ്റുകളാണ് തവനൂരിലുള്ളത്.
തവനൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ എല്‍ഡിഎഫിന് പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷം കൈവന്നിരിക്കുകയാണ്.

RELATED STORIES

Share it
Top