തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കുന്ന സംഘം കാല്‍ലക്ഷം രൂപ തട്ടി

മൂന്നാര്‍: തമിഴ്‌നാട്ടില്‍ നിന്നെത്തി തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന സംഘം വീട്ടമ്മയെ കബളിപ്പിച്ച് കാല്‍ലക്ഷം രൂപ തട്ടിയതായി പരാതി. ന്യൂ കോളനി സ്വദേശിനി ജാനകിയാണ് ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയത്.
ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തി പണം വാങ്ങുകയാണ് ചെയ്തിരുന്നത്. തങ്ങളുടെ ഗൃഹോപകരണ പദ്ധതിയില്‍ ചേരുന്നവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ സ്‌കൂട്ടര്‍ ജാനകിക്ക് അടിച്ചെന്നും രജിസ്‌ട്രേഷനും മറ്റു ചെലവുകള്‍ക്കുമായി 25,000 രൂപ തങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും സംഘം ജാനകിയെ അറിയിച്ചു. അവര്‍ പറഞ്ഞതു പ്രകാരം തമിഴ്‌നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരാഴ്ച മുമ്പ് ജാനകി പണം നിക്ഷേപിച്ചു. ഇതിനുശേഷം സംഘത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നും കാണിച്ചാണ് ജാനകി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം കെഡിഎച്ച്പി ഗുഡാര്‍വിള എസ്‌റ്റേറ്റില്‍ ഇത്തരം തട്ടിപ്പ് അരങ്ങേറിയിരുന്നു. ഇതന്വേഷിക്കാനെത്തിയ തമിഴ്‌നാട് പോലിസിനെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ മര്‍ദിച്ച സംഭവവും ഉണ്ടായി.

RELATED STORIES

Share it
Top