തളിപ്പറമ്പ് നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ കര്‍ശനനടപടി

തളിപ്പറമ്പ്: നഗരത്തിലെ കുരുക്കഴിക്കാന്‍ കര്‍ശന നടപടിയുമായി അധികൃതര്‍. തളിപ്പറമ്പ് നഗരസഭാ ഹാളില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് കര്‍മ പദ്ധതി തയ്യാറാക്കിയത്.
തളിപ്പറമ്പ് നഗരത്തിലെ ട്രാഫിക് പരിഷ്‌കരണം, ഓട്ടോറിക്ഷാ സ്റ്റാന്റ്, ബസ് ഗതാഗതം, വാഹന പാര്‍ക്കിങ് ഫീസ് കലക്ഷന്‍, ബസ് ഷെല്‍ട്ടര്‍ സ്ഥാനമാറ്റം എന്നിവയും ചര്‍ച്ച ചെയ്തു. തളിപ്പറമ്പ് നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഏര്‍പ്പെടുത്തും. അനധികൃത പാര്‍ക്കിങ് തടയാനാണ് തീരുമാനം. ഒരു മണിക്കൂര്‍ വരെ സൗജന്യ പാര്‍ക്കിങ് അനുവദിക്കും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപ വീതവും നാലുചക്ര വാഹനങ്ങള്‍ക്ക് 20 രൂപ വീതവും ഫീസ് ഈടാക്കും.
വിവിധ ഭാഗങ്ങളിലെ ഓട്ടോ സ്റ്റാന്റുകള്‍ പുനക്രമീകരിക്കും. തളിപ്പറമ്പ് ഹൈവേയില്‍ മില്‍മയ്ക്കു മുമ്പില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ കണ്ണൂര്‍ ഭാഗത്തേക്ക് മുഖം തിരിച്ചുള്ള രീതിയിലാവും പുതിയ പാര്‍ക്കിങ് സംവിധാനമേര്‍പ്പെടുത്തുക. മാര്‍ക്കറ്റ് റോഡ് വഴിയുള്ള ബസ് ഗതാഗതം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. അനധികൃത കച്ചവടം ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങും. ഇതിന്റെ ഭാഗമായി 27 നു വൈകുന്നേരം മൂന്നിന് ബസ് തൊഴിലാളികളുടെ യോഗം വിളിച്ചുചേര്‍ക്കും.
ഹൈവേയില്‍ ടാക്‌സി പാര്‍ക്കിങ് ക്രമീകരിച്ച് ബസ് ബേ നിര്‍മിക്കുന്ന കാര്യം പരിശോധിക്കും. തളിപ്പറമ്പ് നഗരത്തില്‍ രഹസ്യ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിനായി നഗരസഭ 10 ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. കേബിള്‍ ടിവിയുടെ ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ സഹായം തേടുന്ന കാര്യവും ഇതില്‍ പരിഗണിക്കുമെന്നും തീരുമാനങ്ങള്‍ വിശദീകരിച്ച് നഗരസഭാ ചെയര്‍മാന്‍ വിശദീകരിച്ചു. ഒക്ടോബര്‍ 15 മുതലാണ് തീരുമാനങ്ങള്‍ നടപ്പിലാക്കുക. യോഗം ജെയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വല്‍സലാ പ്രഭാകരന്‍, എസ്‌ഐ കെ കെ പ്രശോഭ്, കക്ഷി നേതാക്കളായ പി മുകുന്ദന്‍, പി മുഹമ്മദ് ഇഖ്ബാല്‍, കല്ലിങ്കീല്‍ പത്മനാഭന്‍, വി വി കണ്ണന്‍, പി കുഞ്ഞിരാമന്‍, വ്യാപാരി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top