തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതനില്‍ പ്രവേശനപ്പരീക്ഷ നിര്‍ത്തലാക്കി

കണ്ണൂര്‍: തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കി. പ്രവേശനപ്പരീക്ഷ നിര്‍ത്തലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്നാണ് ഈ അധ്യയനവര്‍ഷം മുതല്‍ പ്രവേശനപ്പരീക്ഷ നടത്തില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. പകരം, 2018-2019 അധ്യയനവര്‍ഷം മുതല്‍ മറ്റു പൊതുവിദ്യാലയങ്ങളിലേതിന് സമാനമായ രീതിയിലുള്ള പ്രവേശന നടപടികള്‍ സ്വീകരിക്കും.
കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ പ്രവേശനപ്പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ പ്രസിഡന്റാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് ഡിഡിഇ റിപോര്‍ട്ട് നല്‍കി. നിയമത്തിലെ സെക്ഷന്‍ 13 (1) പ്രകാരം 6 മുതല്‍ 14 വയസ്സുള്ള കുട്ടികള്‍ക്ക് എട്ടാംതരം വരെയുള്ള സ്‌കൂള്‍ പ്രവേശനത്തിന് ഒരുവിധ സ്‌ക്രീനിങ് ടെസ്റ്റും നടത്താന്‍ പാടില്ല. അങ്ങനെ നടത്തിയാല്‍ അത് കേന്ദ്രനയത്തിന് വിരുദ്ധമാവും. പ്രത്യേകമായി പരിശീലനത്തിനു പോവുന്ന കുട്ടികള്‍ക്ക് മാത്രമേ പ്രവേശനപ്പരീക്ഷ ജയിക്കാനാവൂ. അതിനാല്‍ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ടാഗൂര്‍ വിദ്യാനികേതനില്‍ മികച്ച പഠനസൗകര്യം ലഭിക്കില്ല.
അതിനാല്‍ മല്‍സരപ്പരീക്ഷ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ചില സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രവേശനപ്പരീക്ഷ നടത്തിയാണ് കുട്ടികളെ ചേര്‍ക്കുന്നതെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുകൂടി പരിശോധിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

RELATED STORIES

Share it
Top