തളിപ്പറമ്പിനെ പ്ലാസ്റ്റിക് വിമുക്തമാക്കും; വീടു നിര്‍മാണത്തിന് 1.5 കോടി

തളിപ്പറമ്പ്: തളിപ്പറമ്പിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത നഗരസഭയാക്കാനും ഭവനരഹിതര്‍ക്ക് വീട് നിര്‍മാണത്തിനും നിര്‍ദേശങ്ങളടങ്ങിയ 2018-19 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രഭാകരന്‍ അവതരിപ്പിച്ചു. 56,39,19,306 രൂപ വരവും 46,65,47,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 9,73,72,306 രൂപ നീക്കിയിരിപ്പാണുണ്ടാവുക.
ഭവനരഹിതര്‍ക്ക് വീട് നിര്‍മാണത്തിനായി 1.50 കോടിയും അങ്കണവാടികളില്‍ പോഷകാഹാര വിതരണത്തിന് 33 ലക്ഷവും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം നല്‍കാന്‍ 10 ലക്ഷവും വകയിരുത്തി. പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് 7 ലക്ഷം, കേര നഗരം-തെങ്ങ് കൃഷി വികസനത്തിന് 15 ലക്ഷം, അന്നപൂര്‍ണ നെല്ല് കൃഷി വികസനത്തിന് 12 ലക്ഷം എന്നിങ്ങനെ നീക്കിവച്ചു. നഗരത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമെന്ന നിലയില്‍ ജലാശയങ്ങള്‍ നവീകരിച്ച് ജലസമ്പത്ത് വര്‍ധിപ്പിക്കുന്ന ജലസുഭിക്ഷ പദ്ധതിക്ക് 20 ലക്ഷം, വയോമിത്രം പദ്ധതിക്ക് 10 ലക്ഷം, തുണി സഞ്ചി വിതരണത്തിന് 5 ലക്ഷം, മന്ന-തൃച്ചംബരം മെക്കാഡം ടാറിങിന് 1 കോടി, പ്ലാസ ജങ്ഷന്‍-കാക്കാത്തോട് റോഡ് വീതികൂട്ടി മെക്കാഡം ടാറിങിന് 1 കോടി, കാക്കാത്തോട് ഡ്രൈനേജ് രണ്ടാംഘട്ട നിര്‍മാണത്തിന് 1 കോടി, മുനിസിപ്പല്‍ ലൈബ്രറി-വനിതാ വിശ്രമ കേന്ദ്രത്തിന് 30 ലക്ഷം, വാര്‍ഡുകളിലെ റോഡ് നവീകരണത്തിന് 4 കോടി, ആശുപത്രികളിലെ വികസനത്തിന് 60 ലക്ഷം, താലൂക്കാശുപത്രിയില്‍ വനിതാ വിശ്രമ കേന്ദ്രം നിര്‍മിക്കാന്‍ 40 ലക്ഷം, നഗരസഭാ ഓഫിസ് റോഡ് നവീകരണത്തിന് 30 ലക്ഷം, ട്രഞ്ചിങ് ഗ്രൗണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് ആധുനികവല്‍ക്കരണത്തിന് 20 ലക്ഷം എന്നിങ്ങനെയും നീക്കിവച്ചിട്ടുണ്ട്. മാലിന്യ നിക്ഷേപം നടത്തുന്നവരെ നിരീക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കാന്‍ 10 ലക്ഷം, കടലാസ് രഹിത നഗരസഭയാക്കി തളിപ്പറമ്പിനെ മാറ്റാന്‍ 7 ലക്ഷം, ആധുനിക അറവുശാലയ്ക്കു 50 ലക്ഷം, ഗ്യാസ് ക്രിമിറ്റോറിയത്തിന് 75 ലക്ഷം, ഭിന്നശേഷിക്കാരുടെ ആര്‍ദ്രം ഫെസ്റ്റിന് 3 ലക്ഷം, സ്റ്റേഡിയം നിര്‍മാണത്തിന് സ്ഥലം ഒരുക്കാന്‍ 2 കോടി എന്നിങ്ങനെയാണ് തുക നീക്കിവച്ചത്.
ബജറ്റ് ചര്‍ച്ചയ്ക്കിടെ ഭരണപക്ഷത്തെ മുസ്്‌ലിംലീഗ് പ്രതിനിധി പി കെ സുബൈറും പ്രതിപക്ഷ നേതാവ് സിപിഎമ്മിലെ കെ മുരളീധരനും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും അരങ്ങേറി. തളിപ്പറമ്പ് നഗരത്തിലെ വികസനത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയാങ്കളിയിലെത്തിച്ചത്. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top