തല്ലിത്തകര്‍ത്ത് പാന്തും പൃഥിയും; രസംകൊല്ലിയായി വീണ്ടും മഴ
vishnu vis2018-05-02T23:24:11+05:30

ന്യൂഡല്‍ഹി: മഴമൂലം മല്‍സരം 18 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ രാജസ്ഥാനെതിരേ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍. 17.1 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഡല്‍ഹി ആറ് വിക്കറ്റിന് 196 എന്ന മികച്ച നിലയില്‍ നില്‍ക്കെ മഴ വീണ്ടും വില്ലനായെത്തുകയായിരുന്നു. തുടക്കം മുതല്‍ തല്ലിത്തകര്‍ത്ത ഡല്‍ഹിക്ക് കരുത്തായത് റിഷഭ് പാന്തിന്റെയും (69 ) ശ്രേയസ് അയ്യരുടെയും (50) അര്‍ധ സെഞ്ച്വറികളാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലെ തന്നെ കോളിന് മണ്‍റോയെ (0) നഷ്ടമായെങ്കിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത പൃഥി ഷാ (25 പന്തില്‍ 47) ഡല്‍ഹി ഇന്നിങ്സിന് അടിത്തറയേകുകയായിരുന്നു. 25 പന്തുകള്‍ നേരിട്ട് നാല് വീതം ഫോറും സിക്സുമാണ് പൃഥി അടിച്ചെടുത്തത്.പിന്നീട് മൂന്നാം വിക്കറ്റിലൊത്തുകൂടിയ ശ്രേയസും പാന്തും ചേര്‍ന്ന് ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. പാന്ത് 29 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്സറും പറത്തിയപ്പോള്‍ ശ്രേയസ് 35 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അക്കൗണ്ടിലാക്കി. മധ്യനിരയില്‍ വിജയ് ശങ്കറും ( ആറ് പന്തില്‍ 17) മികച്ച പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.