തലായി തുറമുഖം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയ്ക്ക് തിലകക്കുറിയായി തലശ്ശേരി തലായി മല്‍സ്യബന്ധന തുറമുഖം ഇന്നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും.
തലായി, ഗോപാലപേട്ട, ന്യൂമാഹി, തലശ്ശേരി, ധര്‍മടം, മുഴപ്പിലങ്ങാട് മല്‍സ്യബന്ധന ഗ്രാമങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ചിരകാലാഭിലാഷമാണ് ഇതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുക. മീന്‍പിടിത്തം കഴിഞ്ഞെത്തുന്ന ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമുള്ള ലാന്റിങ് സൗകര്യം, മല്‍സ്യവിപണന സംവിധാനം എന്നിവ ഹാര്‍ബറില്‍ ഒരുക്കിയിട്ടുണ്ട്. ഏതു കാലാവസ്ഥയിലും കടലിലേക്ക് പോവാനും പ്രതികൂല കാലാവസ്ഥയില്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കരയ്ക്കടുക്കാനും ഉതകുന്ന രീതിയിലാണ് നിര്‍മാണം. കുടുതല്‍ തൊഴില്‍ദിനങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും മറ്റ് ഹാര്‍ബറുകളില്‍ പോവേണ്ടാത്തതിനാല്‍ ഇന്ധനച്ചെലവ് ലാഭിക്കാനും കഴിയും. ബോട്ട് ഒന്നിന് അഞ്ചുലിറ്റര്‍ ഇന്ധനലാഭവും 30 ദിവസത്തെ അധിക തൊഴില്‍ദിനവും ഉണ്ടാവും. 30 ദിവസത്തെ അധിക തൊഴില്‍ദിനം വഴി 45,000 പേര്‍ക്ക് നേരിട്ടും 2.25 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
28.61 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. 815 മീറ്റര്‍ നീളമുള്ള ബ്രേക്ക് വാട്ടര്‍, 435 മീറ്റര്‍ നീളമുള്ള ലിവാഡ് ബ്രേക്ക് വാട്ടര്‍, 170 മീറ്റര്‍ നീളമുള്ള വാര്‍ഫ്, 470 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ലേലപ്പുര, ഡ്രഡ്ജിങ് ഇന്റേണല്‍ റോഡ്, പാര്‍ക്കിങ് ഏരിയ, ലോഡിങ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ്‌മെന്റിങ് ഷെഡ്, വര്‍ക്‌ഷോപ് കെട്ടിടം, കാന്റീന്‍, ഷോപ്പ്, റെസ്റ്റ് റൂം എന്നിവയാണ് ഹാര്‍ബറിലെ പ്രധാന ഘടകങ്ങള്‍. ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ ശ്രീമതി, കെ കെ രാഗേഷ്, റിച്ചാര്‍ഡ് ഹേ, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, കേരള മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പങ്കെടുക്കും.

RELATED STORIES

Share it
Top