തലശ്ശേരി-വളവുപാറ റോഡ് ; നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പ്രവൃത്തി തീരുമോയെന്നു സംശയം

ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് നവീകരണ പദ്ധതി സമയപരിധിക്കുള്ളില്‍ തീരുമോയെന്ന് സംശയം പ്രകടിപ്പിച്ച് ലോകബാങ്ക് സംഘം. നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ ലോക ബാങ്കിന്റെ വടക്കന്‍ മേഖലാ പ്രതിനിധി സംഘമാണ് തലശ്ശേരി-വളവുപാറ റോഡ് പ്രദേശം പരിശോധിച്ചത്. ടാറിങ് അടക്കമുള്ള പ്രവൃത്തികള്‍ വേഗത്തിലും നിര്‍ദിഷ്ട സമയപരിധിക്ക് മുമ്പും തീരുമെങ്കിലും കൂട്ടുപുഴ, ഇരിട്ടി, എരഞ്ഞോളി പാലങ്ങളുടെ നിര്‍മാണ കാര്യത്തിലാണ് സംശയം.
ഇതില്‍ ഇരിട്ടി പാലത്തിന്റെ പുതിയ പൈലിങും രൂപരേഖയും ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചതിനാല്‍ ബുദ്ധിമുട്ട് വരില്ലെന്നാണ് പ്രതീക്ഷ. എന്നാല്‍ കര്‍ണാടക നിര്‍മാണം തടസ്സപ്പെടുത്തിയ കൂട്ടുപുഴ പാലത്തിന്റെ പ്രതിസന്ധിയാണ് കൂടുതല്‍ ചര്‍ച്ചയായത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കെഎസ്ടിപിയുടെയും കരാര്‍-കണ്‍സള്‍ട്ടന്‍സി കമ്പനികളുടെയും പ്രതിനിധികള്‍ വ്യക്തമാക്കി. പാലം പണിക്കുള്ള അനുമതി ആദ്യം വാങ്ങാനും അതിര്‍ത്തി തര്‍ക്കങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനും സംഘം നിര്‍ദേശിച്ചു. 16ന് ചീഫ് സെക്രട്ടറിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെടും.
ഉള്‍നാടന്‍ ജലഗതാഗത പാത വരുന്നതിന്റെ ഭാഗമായി എരഞ്ഞോളി പാലത്തിന്റെ പ്രവൃത്തി തടസ്സപ്പെട്ടത് ചര്‍ച്ചയായി. മാടത്തില്‍ അപകടം പോലുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ചര്‍ച്ചകളും നടന്നു. പാലം നിര്‍മാണം ഒഴികെയുള്ള പ്രവൃത്തികളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. മെയ് 15നകം ടാറിങ് ഏതാണ്ട് പൂര്‍ണമാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തലശ്ശേരി-വളവുപാറ റോഡിലെ കളറോഡ്-വളവുപാറ റീച്ചില്‍ 52 ശതമാനവും, തലശ്ശേരി-കളറോഡ് റീച്ചില്‍ 41 ശതമാനവും പ്രവൃത്തികള്‍ പൂര്‍ത്തിയായി. വിശദമായ ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് വീണ്ടും നടത്തും. സംഘത്തലവന്‍ സജീവ് മഹോല്‍ക്കര്‍, പാലം നിര്‍മാണ വിദഗ്ധര്‍ കാര്‍ത്തിക് ടാ, സോഷ്യോളജിസ്റ്റ് മൃദുല സിങ്, നിയമവിഭാഗം അസിസ്റ്റന്റ് ആബ എന്നിവരടങ്ങുന്ന സംഘമാണു സന്ദര്‍ശിച്ചത്.
കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഈഡിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ടീം ലീഡര്‍ ഹെഡ്— ഗെയര്‍ തോമസ്, റസിഡന്റ് എന്‍ജിനീയര്‍ പി എന്‍ ശശികുമാര്‍, ഡെപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പ്രബിന്ധ്, കെഎസ്ടിപി കണ്ണൂര്‍ എക്—സിക്യുട്ടീവ് എന്‍ജിനീയര്‍ കെ എ ജയ, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ കെ വി സതീശന്‍, കെ ദിലീപന്‍, സോഷ്യോളജിസ്റ്റ് ജിജി എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ കെഎസ്ടിപിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് എത്തിയ ലോകബാങ്ക് പ്രതിനിധികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സംസ്ഥാനത്തെ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നത്.

RELATED STORIES

Share it
Top