തലശ്ശേരി-വടകര റൂട്ടില്‍ ബസ് തടഞ്ഞു; സംഘര്‍ഷാവസ്ഥ

തലശ്ശേരി: തലശ്ശേരി-വടകര റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത തുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ ബസ് തടഞ്ഞത് സംഘര്‍ഷത്തിനും മിന്നല്‍ പണിമുടക്കത്തിനും കാരണമായി. ഇന്നലെ വൈകീട്ടോടെയാണ്
സംഭവം. തുടര്‍ന്ന് വടകര റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ സംഘടിക്കുകയും ഈ റൂട്ടില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇപ്പോള്‍ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ തയ്യാറാക്കിയ പ്രകാരമാണ് വിദ്യര്‍ഥികള്‍ പാസ് നല്‍കി വരുന്നത്.
16 സ്‌റ്റേജായി തിരിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ ബസ് ഓപറേറ്റേഴ്‌സ് പറഞ്ഞ പ്രകാരം ഏറ്റവും കൂടുതല്‍ പാസിന്റെ ദൂരം 40 കിലോമീറ്ററാണ്. അതില്‍ 8 രൂപയാണ് പാസ് രേഖപ്പെടുത്തിയിരിക്കുന്നത്. 6 രൂപ മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ തുക വാങ്ങുന്നുണ്ടെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. വൈകീട്ട് 6.30ഓടെ പോലിസെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് താല്‍ക്കാലിക പരിഹാരമായത്. തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് തൊഴിലാളികള്‍ പിന്‍വലിച്ചു. സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ തലശ്ശേരി ബസ്സ് സ്റ്റാന്റില്‍ വലഞ്ഞു.

RELATED STORIES

Share it
Top