തലശ്ശേരി-മൈസൂരു റെയില്‍പാതകേന്ദ്ര ബജറ്റില്‍ ഇടം നേടിയേക്കും

മാനന്തവാടി: റെയില്‍വേ സ്വപ്‌നവുമായി കഴിയുന്ന വായനാട്ടുകാര്‍ക്ക് പ്രതീക്ഷയേകി തലശ്ശേരി, മാനന്തവാടി, മൈസൂരു പാതയ്ക്ക് പച്ചക്കൊടി കാണിച്ച് കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്റെ പ്രാഥമിക റിപോര്‍ട്ട്. റെയില്‍വേയ്ക്കും സംസ്ഥാന സര്‍ക്കാരിനിനും തുല്യ പങ്കാളിത്തമുള്ള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ പാത സംബന്ധിച്ച് ഡിപിആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ പ്രകാരം സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ടാണ് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നത്. പാത റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടംപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് സൂചന. പിങ്ക് ബുക്കില്‍ ഇടം നേടിയാല്‍ റെയില്‍ ബജറ്റില്‍ ഇടംപിടിക്കും. കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ സംസ്ഥാനത്തെ നാലു റെയില്‍ പദ്ധതികളുടെ സാധ്യതാ പഠനമാണ് നടത്തിയത്. ഇതില്‍ തലശ്ശേരി-മൈസൂരു പാതയ്ക്കാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. 180.5 കിലോമീറ്റര്‍ ദൂരമാണ് പാത. അടുത്ത വര്‍ഷം നിര്‍മാണം ആരംഭിക്കുന്ന നിര്‍ദിഷ്ട മൈസൂരു-മടിക്കേരി റെയില്‍പാത പെരിയപട്ടണം വഴിയാണ് കടന്നുപോവുന്നത്. തലശ്ശേരി-മൈസൂരു പാതയാവട്ടെ, നേരത്തെ നടത്തിയ സര്‍വേയില്‍ നിന്നു നാഗര്‍ഹോള വന്യജീവി സങ്കേതം ഒഴിവാക്കി തൃശ്ശിലേരി, കുട്ട, കുശാല്‍നഗര്‍, തിത്തിമത്തി വഴി പെരിയപട്ടണത്തിലെത്തുന്ന വിധത്തിലാക്കി മാറ്റിയിരുന്നു. ഇതോടെ തലശ്ശേരി മുതല്‍ പെരിയപട്ടണം വരെ പുതുതായി പാത നിര്‍മിച്ചാല്‍ വയനാട്ടുകാരുടെ റെയല്‍വേ സ്വപ്‌നം പൂവണിയുമെന്നാണ് കരുതപ്പെടുന്നത്. ഡിഎംആര്‍സി നേരത്തെ പാത സംബന്ധിച്ച് സര്‍വേ നടത്തിയിരുന്നെങ്കിലും ലാഭകരമാവില്ലെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍, ഈ റിപോര്‍ട്ട് തള്ളിയാണ് മലനിരകളുള്‍പ്പെട്ട കൊങ്കണ്‍ പാത യാഥാര്‍ഥ്യമാക്കിയ കൊങ്കണ്‍ കോര്‍പറേഷനെ തന്നെ ഡിപിആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്. 1.5 കോടി രൂപയ്ക്കാണ് ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നത്.

RELATED STORIES

Share it
Top