തലശ്ശേരി ജനറല്‍ ആശുപത്രിമൃതദേഹം മോര്‍ച്ചറിയില്‍ എത്തിക്കാന്‍ കൈക്കൂലി

തലശ്ശേരി: വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയെന്നു പരാതി. മെഡിക്കല്‍ വാര്‍ഡില്‍ നിന്ന് 100 മീറ്റര്‍ ദൂരം പോലുമില്ലാത്ത മോര്‍ച്ചറിയിലേക്ക് കതിരൂര്‍ തരുവണത്തെരു പുത്തന്‍ പറമ്പത്ത് മൈഥിലി (62)യുടെ മൃതദേഹം മാറ്റിയതിനു 300 രൂപയാണു ബന്ധുക്കളില്‍ നിന്നു ജീവനക്കാരന്‍ ഈടാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം.
ഞായറാഴ്ച സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച മൈഥിലി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണു തിങ്കളാഴ്ച മരിച്ചത്.
വാര്‍ഡില്‍ നിന്ന് രണ്ടു ജീവനക്കാര്‍ മൃതദേഹം മോര്‍ച്ചറിയിലെത്തിച്ചു. ഇവര്‍ക്കൊപ്പം യൂനിഫോമില്ലാത്ത ഒരാളെത്തി മോര്‍ച്ചറി തുറന്ന് മൃതദേഹം ഫ്രീസറില്‍ വച്ചു. ഇയാളാണ് ആദ്യം 200 രൂപയും പിന്നീട് 100 രൂപയും വാങ്ങിയത്. മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചവര്‍ക്കു നല്‍കാനാണു പണം വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞതായി മൈഥിലിയുടെ ബന്ധുക്കള്‍ അറിയിച്ചു. സ്ഥലം എംഎല്‍എ എ എന്‍ ഷംസീറിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി.

RELATED STORIES

Share it
Top