തലശ്ശേരി ജനറല്‍ ആശുപത്രി ചോര്‍ന്നൊലിക്കുന്നു

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രി കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. കനത്ത മഴയില്‍ മിക്ക വാര്‍ഡുകളും കെട്ടിടങ്ങളും ചോര്‍ന്നൊലിക്കുകയാണ്. 1996ല്‍ ജനകീയാസൂത്രണം ആരംഭിച്ചതോടെയാണ് പ്രദേശിക ആശുപത്രികളെയും ജില്ലാ ആശുപത്രികളെയും ജനങ്ങളുടെ പൊതു ആവശ്യകതയുടെ ഭാഗമായി സര്‍ക്കാര്‍ മാറ്റുന്നത്.
ജില്ലാ ആശുപത്രിയും താലൂക്ക് ആശുപത്രികളും ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തലശ്ശേരി നഗരസഭയുടെ അധികാര പരിധിയിലാണ് ജനറല്‍ ആശുപത്രി. നഗരസഭയുടെ കെടുകാര്യസ്ഥതയാണ് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് കാരണം. ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷംതോറും ബജറ്റില്‍ ഫണ്ട് വകയിരുത്താറുണ്ടെങ്കിലും കെട്ടിടത്തിന്റെ ജീര്‍ണത പൂര്‍ണതോതില്‍ പരിഹരിച്ചിട്ടില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു ചോര്‍ന്നൊലിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ ദുസ്ഥിതി. പ്രസവ വാര്‍ഡിലേക്കുള്ള റാംപിന്റെ കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീഴാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അപകടസാധ്യതാ മുന്നറിയിപ്പ് നല്‍കി ആശുപത്രി അധികൃതര്‍ ഇവിടെ ബോര്‍ഡ് വച്ചിട്ടുണ്ട്. എന്നാല്‍, ഇതുവഴിയാണ് പ്രസവ വാര്‍ഡിലേക്കും ഓപറേഷന്‍ തിയേറ്ററിലേക്കും ഗര്‍ഭിണികളെ കൊണ്ടുപോവുന്നത്. പ്രസവ വാര്‍ഡിന്റെ മുന്‍വശവും ചോര്‍ന്നൊലിക്കുകയാണ്. പുറത്ത് പെയ്യുന്ന പെരുമഴയുടെ അതേ ശക്തിയില്‍ വെള്ളം വരാന്തയിലും വീഴും. ഞൊടിയിടയില്‍ ഇവിടം വെള്ളക്കെട്ടായി മാറും.
ജീവന്‍ പണയംവച്ചാണ് രോഗികളും കൂട്ടിരിപ്പുകാരും ഇവിടെ കഴിയുന്നത്. കോണ്‍ക്രീറ്റ് ഭിത്തി അടര്‍ന്നുവീഴുന്നതിനാല്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇതിനകം അടച്ചുപൂട്ടി.

RELATED STORIES

Share it
Top