തലശ്ശേരി കലാപത്തില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടിയത് സിപിഎം: പ്രതിപക്ഷം

തിരുവനന്തപുരം: ഇഎംഎസും സിപിഎമ്മുമാണ് ആര്‍എസ്എസിന് മുസ്്‌ലിം വിരുദ്ധ മനോഭാവമുണ്ടാക്കിയതെന്നും തലശ്ശേരി കലാപത്തില്‍ മുസ്‌ലിംകളെ വേട്ടയാടിയത് സിപിഎമ്മാണെന്നുമുള്ള പി ടി തോമസിന്റെ പരാമര്‍ശങ്ങളെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആര്‍എസ്എസിനെ പവിത്രവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ഇത്തരം വാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലശ്ശേരി കലാപകാലത്ത് സിപിഎമ്മുകാരനായ യു കെ കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടത് കള്ളുഷാപ്പിലെ തര്‍ക്കത്തിനിടയിലാണെന്ന് പി ടി തോമസിന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നു. തോമസിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസിന്റെ പിറവിതൊട്ടേ അവരുടെ നിലപാട് വ്യക്തമാണ്. അവരുടെ ഗുരുജിയായ ഗോള്‍വാള്‍ക്കര്‍ മുസ്‌ലിംകള്‍, ക്രൈസ്തവര്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരാണ് ആഭ്യന്തര ശത്രുക്കള്‍ എന്ന് വിചാരധാരയില്‍ എഴുതിവച്ചിട്ടുണ്ട്.
ഹിറ്റ്‌ലറുടെ നാസിസമാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം. ജര്‍മന്‍ ദേശീയതയുടെ പ്രചാരകരായി അവര്‍ മാറുകയായിരുന്നു. കുഞ്ഞിരാമനെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാര്‍ പോലും ഉന്നയിക്കാത്ത ആരോപണമാണ് പി ടി തോമസ് ഉന്നയിച്ചത്. രക്തസാക്ഷി യു കെ കുഞ്ഞിരാമനെ അപമാനിച്ചിരിക്കുകയാണ്. തലശ്ശേരി കലാപകാലത്ത് വീടും സ്വര്‍ണവുമടക്കമുള്ള വസ്തുവകകള്‍ നിരവധി പേര്‍ക്ക് നഷ്ടമായിട്ടുണ്ട്. എന്നാല്‍ ജീവന്‍ നഷ്ടമായത് സിപിഎമ്മിന് മാത്രമാണ്. അന്ന് നാട്ടില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇറങ്ങിയ സിപിഎം, ആത്മഹത്യ ചെയ്തുപോലും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാനാണ് ആഹ്വാനം ചെയ്തത്.
നിരവധി മുസ്‌ലിം പള്ളികള്‍ക്ക് സിപിഎം വോളന്റിയര്‍മാരാണ് അന്ന് കാവല്‍ നിന്നത്. മെരുവമ്പള്ളി പള്ളിക്ക് യു കെ കുഞ്ഞിരാമന്റെ നേതൃത്വത്തിലായിരുന്നു കാവല്‍. രാത്രിയില്‍ പള്ളി തകര്‍ക്കാനെത്തിയ ആര്‍എസ്എസുകാരോട് തങ്ങളെ കൊന്നിട്ടേ മുന്നോട്ടുപോവാന്‍ കഴിയൂവെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. അതോടെ പിന്‍വാങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്നീട് കുഞ്ഞിരാമനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അത്യന്തം ഹീനമായ ഈ കൊലപാതകത്തെ പി ടി തോമസ് മറ്റു വിധത്തില്‍ വ്യാഖ്യാനിച്ചത് ഖേദകര—മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി തെറ്റിധരിപ്പിക്കുന്നതായി പി ടി തോമസ് പറഞ്ഞു. കലാപം സംബന്ധിച്ച് 1972ല്‍ പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കുഞ്ഞിരാമനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് പി ടി തോമസ് പറഞ്ഞു. 1971 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ് തലശ്ശേരി കലാപം നടന്നത്. കുഞ്ഞിരാമന്‍ മരിച്ചത് ജനുവരി അഞ്ചിനാണ്. കലാപത്തോടനുബന്ധിച്ച് 529 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിലൊന്നും കുഞ്ഞിരാമന്‍ എന്നയാളുടെ മരണം സംബന്ധിച്ച എഫ്‌ഐആര്‍ ഇല്ല. 33 പള്ളികളാണ് അന്ന് തകര്‍ക്കപ്പെട്ടത്. ഇതില്‍ 18 പള്ളികള്‍ പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top