തലശ്ശേരി എക്‌സ്‌ചേഞ്ചില്‍ ബിഎസ്എന്‍എല്‍ സിം കാര്‍ഡിന് ക്ഷാമം ; സ്വകാര്യ വില്‍പന തകൃതിതലശ്ശേരി: ബിഎസ്എന്‍എലിന്റ തലശ്ശേരി ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ സിം കാര്‍ഡുകള്‍ക്കും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ക്കും കടുത്ത ക്ഷാമം. എന്നാല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മൊബൈല്‍ ഷോപ്പുകളിലും ഏജന്‍സി കടകളിലും കാര്‍ഡുകള്‍ സുലഭമായി ലഭിക്കുന്നുണ്ട്. നേരത്തെ ബിഎസ്എന്‍എല്‍ നഗരത്തിലും പരിസരങ്ങളിലും വിവിധ മേളകള്‍ നടത്താറുണ്ടായിരുന്നു. കുറച്ചുകാലമായി ഇത്തരം മേളകള്‍ നടത്താറില്ല. പകരം താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് വിവിധ സ്ഥലങ്ങളില്‍ സിംകാര്‍ഡുകള്‍ വില്‍പന നടത്തുകയുമാണു ചെയ്യുന്നത്. ഒരു സിം കാര്‍ഡ് ഉപഭോക്താവിന് ഏജന്റുമാര്‍ വഴി നല്‍കുമ്പോള്‍ 24 രൂപയാണ് കമ്മീഷന്‍. ഈ ഇനത്തില്‍ ലഭിക്കേണ്ട തുക സ്വകാര്യവ്യക്തികളുടെ കൈയിലേക്കാണു പോവുന്നത്. നിലവില്‍ നിരവധി പദ്ധതികളും ഓഫറുകളും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 333, 339, 349, 395 എന്നീ തുകയ്ക്കുള്ള ഓഫറുകളില്‍ അണ്‍ലിമിറ്റഡായി ഫോണുകള്‍ ഉപയോഗിക്കാം. 2 ജിബി, 3 ജിബി എന്നിവയ്‌ക്കൊപ്പം 50 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഫോണ്‍ വിളിക്കാവുന്ന സൗജന്യ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന പാക്കേജുകളുമാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനാല്‍ കൂടുതല്‍ പേര്‍ ബിഎസ്എന്‍എല്‍ കാര്‍ഡെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, സ്വകാര്യവ്യക്തികള്‍ക്ക് ലാഭം കൊയ്യാനുള്ള ബോധപൂര്‍വമായ ചിലരുടെ ഇടപെടലുകളുടെ ഫലമായാണ്  ബിഎസ്എന്‍എല്‍ ഓഫിസില്‍നിന്ന്ം സിംകാര്‍ഡും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡും ലഭിക്കാത്തതെന്നാണ് ആരോപണം.

RELATED STORIES

Share it
Top