തലശ്ശേരിയില്‍ 35 കിലോ പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടിതലശ്ശേരി: നിരോധിത പ്ലാസ്റ്റിക്കിനെതിരേ തലശ്ശേരി നഗരസഭാ പരിധിയില്‍ പരിശോധന തുടരുന്നു. മുനിസിപ്പല്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിച്ച 35 കിലോ പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തു. ഇതോടെ രണ്ടു ദിവസത്തിനിടെ 58 കിലോ പ്ലാസ്റ്റിക്കാണു പിടിച്ചെടുത്തത്. നഗരത്തിലെ പെട്ടിക്കടകള്‍, മീന്‍ മാര്‍ക്കറ്റ്, മാടപ്പീടിക, ഇടയില്‍പ്പീടിക, മഞ്ഞോടി പ്രദേശങ്ങളിലെ 70ഓളം കടകളിലും മീന്‍ വില്‍പന നടത്തുന്ന ഇരു-മുച്ചക്ര വാഹനങ്ങളിലുമാണ് നഗരസഭാ ആരോഗ്യവിഭാഗം ഇന്നലെ റെയ്ഡ് നടത്തിയത.് ഇതില്‍ 11 വാഹനങ്ങളില്‍നിന്നും മൂന്ന് കടകളില്‍ നിന്നുമാണ് 35 കിലോ നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ കണ്ടെടുത്തത്. റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി പി ബാബു, ഇ ലതീഷ്, സി സുരേഷ്‌കുമാര്‍, കെ പി രാജേന്ദ്രന്‍  പങ്കെടുത്തു. അതിനിടെ, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിനായി നഗരസഭയും ജില്ലാ ഭരണകൂടവും ആരംഭിച്ച യജ്ഞത്തിന് യുനൈറ്റെഡ് മര്‍ച്ചന്റസ് ചേംബറിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി കണ്‍വന്‍ഷന്‍ പിന്തുണ പ്രഖ്യാപിച്ചു. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നതില്‍നിന്ന് വ്യാപാരികള്‍ വിട്ടുനില്‍ക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top