തലശ്ശേരിയില്‍ ഗ്രമവാസികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ ഇല്ലിക്കുന്ന്, കൊളശ്ശേരി വാര്‍ഡുകളിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ഇരു പ്രദേശങ്ങളിലെയും ആയിരത്തോളം വീട്ടുകാര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. നേരത്തെ കൊടുവള്ളി മേല്‍പാലം, ഭീമന്‍ ജലപാത, അതിവേഗ റെയില്‍പാത എന്നീ പദ്ധതികള്‍ ഈ പ്രദേശത്തെ കീറിമുറിച്ച് കടന്നുപോവുന്നതിനെതിരേ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രളയക്കെടുതിയും അനുബന്ധമായ പാരിസ്ഥിതിക നാശവും ഉണ്ടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു പദ്ധതിപ്രവര്‍ത്തനങ്ങള്‍.
എന്നാല്‍ പുതിയ രണ്ടു പദ്ധതികള്‍ക്കായി ഉദ്യോഗസ്ഥര്‍ ഭൂമി അളക്കുകയും തുടര്‍ന്ന് കോണ്‍ക്രീറ്റ് കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്തതോടെയാണ് പ്രദേശവാസികള്‍ ആശങ്കയിലായത്. 26 മീറ്റര്‍ വീതിയില്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് റോഡിനും 45 മീറ്റര്‍ വീതിയില്‍ ദേശീയപാതയ്ക്കും വിമാനത്താവളത്തിലേക്ക് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് റെയില്‍പാത നിര്‍മാണത്തിനുമാണ് പുതുതായി സ്വകാര്യ സര്‍വേ നടത്തി ഭൂമിയളന്ന് കുറ്റികള്‍ സ്ഥാപിച്ചത്.
ആറു വന്‍കിട പദ്ധതികള്‍ തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളിലൂടെ കടന്നുപോവുന്നതോടെ രണ്ട് ഗ്രാമങ്ങളും കഷണങ്ങളായി മുറിച്ചുമാറ്റപ്പെടും. ഇതോടൊപ്പം ആയിരത്തോളം വീടുകള്‍, കൃഷിഭൂമികള്‍, ശുദ്ധജല സ്രോതസ്സുകള്‍ ഉള്‍പ്പെടെ മനുഷ്യ ജീവിതത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഇല്ലാതാവും. വികസനത്തിന്റെ വിരോധാഭാസത്തില്‍ സര്‍വതും നഷ്ടപ്പെടുന്ന പ്രദേശവാസികള്‍ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്.

RELATED STORIES

Share it
Top