തലശ്ശേരിയിലെ കടല്‍ഭിത്തി നിര്‍മാണം മല്‍സ്യത്തൊഴിലാളികള്‍ വീണ്ടും തടഞ്ഞു

തലശ്ശേരി: തലശ്ശേരി കടല്‍പാലം മുതല്‍ ജവഹര്‍ഘട്ട് വരെയുള്ള ഭാഗത്ത് സംരക്ഷണഭിത്തി കെട്ടാനുള്ള നീക്കത്തിനെതിരേ വീണ്ടും പ്രതിഷേധം. ജനറല്‍ ആശുപത്രിക്ക് പിറകില്‍ കടല്‍ഭിത്തി കെട്ടാനെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെയും നിര്‍മാണ തൊഴിലാളികളെയും മല്‍സ്യ-കല്ലുമ്മക്കായ തൊഴിലാളികള്‍ തടഞ്ഞു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സംഘം മടങ്ങി. ജലസേചന വകുപ്പിന്റെ നിരുത്തരവാദപരമായ നടപടി കടലോരത്തെ ആശ്രയിച്ച് ജോലിചെയ്തു വരുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആശങ്ക. ഭിത്തിനിര്‍മാണം പൂര്‍ത്തിയായാല്‍ വള്ളങ്ങളും വലകളും കരയ്ക്കടുപ്പിക്കാന്‍ കഴിയില്ലെന്നും കടപ്പുറത്തെ ആശ്രയിച്ചു കഴിയുന്ന 500ഓളം തൊഴിലാളികളുടെ തൊഴില്‍സാഹചര്യം ഇല്ലാതാവുമെന്നും ഇവര്‍ പറയുന്നു.
കടല്‍ഭിത്തി നിര്‍മാണം സംബന്ധിച്ച് ഒരുമാസം മുമ്പ് പ്രശ്‌നമുണ്ടായപ്പോള്‍ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നു. കോ-ഓഡിനേഷന്‍ കമ്മിറ്റി ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതിയും നല്‍കുകയുണ്ടായി. എന്നാല്‍ ഇതില്‍ തീരുമാനമെടുക്കാതെ ഇന്നലെ രാവിലെ പോലിസ് സഹായത്തോടെ ഉദ്യോഗസ്ഥര്‍ ഭിത്തികെട്ടാന്‍ എത്തിയതാണ്
മല്‍സ്യ-കല്ലുമ്മക്കായ തൊഴിലാളികളെ പ്രകോപിപ്പിച്ചത്. തൊഴിലാളികള്‍ ഇന്നലെ വീണ്ടും കലക്ടറെ കണ്ട് പരാതി ബോധിപ്പിച്ചു. കടല്‍ഭിത്തി നിര്‍മാണം സംബന്ധിച്ചു റിപോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ട കലക്ടര്‍, കൈക്കൊണ്ട നടപടികള്‍ പരാതിക്കാരെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് എക്‌സ്‌കവേറ്റര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുമായി ഉദ്യോഗസ്ഥസംഘം പിന്‍വാങ്ങിയത്. മല്‍സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന വിധം കടല്‍ഭിത്തി കെട്ടാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് തൊഴിലാളികളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top