തലശ്ശേരിയിലെ കടല്‍ഭിത്തി നിര്‍മാണം ചെറുക്കുമെന്ന് മല്‍സ്യത്തൊഴിലാളികള്‍

കണ്ണൂര്‍: മല്‍സ്യത്തൊഴിലാളികളുടെ എതിര്‍പ്പ് അവഗണിച്ച് തലശ്ശേരി കടല്‍പാലം മുതല്‍ ജവഹര്‍ഘട്ട് വരെയുള്ള ഭാഗത്ത് കടലോര സംരക്ഷണഭിത്തി കെട്ടാനുള്ള നീക്കത്തിനെതിരേ പ്രതിഷേധവുമായി മല്‍സ്യ-കല്ലുമ്മക്കായ തൊഴിലാളി കോ-ഓഡിനേഷന്‍ കമ്മിറ്റി രംഗത്ത്. തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന വിധത്തില്‍ കടല്‍ഭിത്തി കെട്ടാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജലസേചന വകുപ്പിന്റെ നിരുത്തരവാദപരമായ നടപടി കടലോരത്തെ ആശ്രയിച്ച് ജോലിചെയ്തു വരുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെയും ചെറുവള്ളക്കാരെയും പ്രതികൂലമായി ബാധിക്കും. ഭിത്തി നിര്‍മാണം പൂര്‍ത്തിയായാല്‍ വള്ളങ്ങളും വലകളും കരയ്ക്കടുപ്പിക്കാന്‍ സാധിക്കില്ല.
തിരമാലകളുടെ തീവ്രത വര്‍ധിക്കുന്നതോടെ മോട്ടോറുകള്‍ ഘടിപ്പിക്കാത്ത വള്ളങ്ങള്‍ തുഴയാനും പ്രയാസമാവും. ചുരുക്കത്തില്‍ കടപ്പുറത്തെ ആശ്രയിച്ച് കഴിയുന്ന 500ഓളം മല്‍സ്യ-കല്ലുമ്മക്കായ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം ഇല്ലാതാവും.
സുനാമി, ഓഖി ദുരന്തങ്ങളുടെ ഫലമായി കടലോരത്ത് സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രിക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. തീരത്തെ സ്വാഭാവിക പ്രതിഭാസമായ മണല്‍തിട്ടകളാണ് കടലേറ്റത്തെ ചെറുക്കുന്നത്. മേഖലയില്‍ ഭിത്തിയുള്ള ഭാഗങ്ങളിലാണ് രൂക്ഷമായ കടലേറ്റം അനുഭവപ്പെടുന്നതെന്ന് അധികൃതര്‍ക്കും അറിയാം.
ഇവിടെ ഭിത്തി കെട്ടിയാല്‍ നിലവിലുള്ള തീരംകൂടി കടലെടുക്കും. ആശുപത്രി സംരക്ഷണമാണ് ഇപ്പോള്‍ കെട്ടുന്ന ഭിത്തികൊണ്ട് ലക്ഷ്യമിടുന്നതെന്ന വാദം പ്രശ്‌നത്തിന്റെ യഥാര്‍ഥവശം മറച്ചുവയ്ക്കുന്നതിനാണ്.
പ്രശ്‌നം രൂക്ഷമായിട്ടും സ്ഥലം എംഎല്‍എ കടപ്പുറത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും നിവേദനം നല്‍കിയിട്ടും നിരാശയായിരുന്നു ഫലം. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലും ഏകപക്ഷീയമായ നിലപാടാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടാല്‍ തങ്ങളും കുടുംബങ്ങളും എന്തുചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പി പി ഉസ്മാന്‍, കെ പി ജലീല്‍, വി കെ സലാം, പാലക്കല്‍ ശംസുദ്ദീന്‍, ടി പി മുഹമ്മദ് പങ്കെടുത്തു.

RELATED STORIES

Share it
Top