തലവടി എട്ടില്‍ പാലത്തിന് തുക അനുവദിച്ചിട്ടും നിര്‍മാണം നീളുന്നു

എടത്വാ: തലവടി എട്ടില്‍ പാലത്തിന് തുക അനുവദിച്ചിട്ടും നിര്‍മ്മാണം അനന്തമായി നീളുന്നു. തലവടി ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണമാണ് നീളുന്നത്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 60 ലക്ഷം രൂപ പാലം നിര്‍മാണത്തിനായി അനുവദിച്ചെങ്കിലും നടപടികള്‍ ഇഴയുകയാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയേയും, ആലംതുരുത്തി എടത്വാ റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനായാണ് നാട്ടുകാര്‍ കാത്തിരിക്കുന്നത്. നിലവില്‍ ഇവിടെ കോവണിപ്പാലമാണുള്ളത്. കാലപ്പഴക്കത്താല്‍ പലം ജീര്‍ണ്ണിച്ച് പടവുകള്‍ ഇളകി തുടങ്ങി. ഇരുകരയിലേക്കുമായി അറുപതോളം പടികള്‍ കയറി വേണം മറുകരയില്‍ എത്താന്‍. നാട്ടുകാരുടെ ദുരിതം നേരില്‍കണ്ട മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷാണ് ആംബുലന്‍സ് പാലത്തിനുള്ള ഫണ്ട് അനുവദിച്ചത്. ഫണ്ട് അനുവദിച്ചെങ്കിലും തുടര്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് താല്‍്പര്യമെടുത്തില്ല. ഗൂര്‍ഖണ്ഡസാരി, പ്രിയദര്‍ശിനി എന്നീ പ്രദേശത്തുള്ളവര്‍ കിലോമീറ്റര്‍ താണ്ടിവേണം സംസ്ഥാനപാതയില്‍ എത്തി വിവിധ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാന്‍.  നിലവിലുള്ള പാലത്തില്‍ കയറാനുള്ള ബുദ്ധിമുട്ടുകാരണം വൃദ്ധജനങ്ങള്‍ ഇതിലൂടെ യാത്രചെയ്യാറില്ല. അടിയന്തിര ഘട്ടത്തിലെത്തുന്ന രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും നാട്ടുകാര്‍ പാടുപെടുകയാണ്. അത്യാസന്ന നിലയിലുള്ള രോഗികളെ കസേരയില്‍ ഇരുത്തിയാണ് മറുകരയില്‍ എത്തിക്കുന്നത്. ചെറുവാഹനങ്ങള്‍ കടന്നുപോകുന്ന തരത്തില്‍ ആംബുലന്‍സ് പാലം നിര്‍മ്മിച്ചാല്‍ ചക്കുളത്തുകാവ് ജങ്ഷനില്‍ എളുപ്പത്തിലെത്താന്‍ കഴിയും. ചക്കുളത്തുകാവ് ക്ഷേത്രം. എടത്വാ പള്ളി എന്നിവിടങ്ങളില്‍ മാന്നാര്‍, മാവേലിക്കര പ്രദേശങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനപാതയില്‍ എത്താതെ ലക്ഷ്യത്തില്‍ എത്തിച്ചേരാനാകും.

RELATED STORIES

Share it
Top