തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിതലയോലപ്പറമ്പ്: തലയോലപ്പറമ്പിന്റെ ചിരകാലാഭിലാഷമായ ബസ് സ്റ്റാന്‍ഡിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ബസ് സ്റ്റാന്റ് തുറന്നുകൊടുത്തത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നതിനായി ഇവിടെ പ്രവര്‍ത്തിച്ചിരിന്ന സ്റ്റാന്റ് പകുതിയിലേറെ അടച്ചുകെട്ടി എട്ടുവര്‍ഷം മുമ്പാണ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധകാരണങ്ങളാല്‍ പലപ്പോഴായുണ്ടായ സ്റ്റേയും നിയമയുദ്ധങ്ങളും കാരണം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടേണ്ടിവന്നു. സ്റ്റാന്‍ഡിന്റെ പകുതിയിലേറെ ഭാഗം അടച്ചുകെട്ടിയതോടെ സ്ഥലപരിമിതി മൂലം കോട്ടയം എറണാകുളം ലിമിറ്റഡ് സ്‌റ്റോപ് ബസ്സുകളും എറണാകുളം ഭാഗത്തേയ്ക്കുള്ള സ്വകാര്യബസുകളും മാത്രമാണ് സ്റ്റാന്റില്‍ കയറിയിരുന്നത്. ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. തുടര്‍ന്ന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിച്ചത്. ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം സി കെ ആശ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കരാറുകാരനായ ഇബ്രാഹിം മുണ്ടി തടുക്കയ്ക്ക് മോന്‍സ് ജോസഫ് എംഎല്‍എ ഉപഹാരം നല്‍കി. മുന്‍ എംഎല്‍എ കെ അജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസി വര്‍ഗീസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം അനില്‍കുമാര്‍, സജി വര്‍ഗീസ് പഞ്ചായത്ത് അംഗങ്ങളായ കെ എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വി കെ രവി, തുളസി മധുസൂദനന്‍ സംസാരിച്ചു.

RELATED STORIES

Share it
Top