തലയോലപ്പറമ്പ് ഗവ. ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ വരുന്നു

തലയോലപ്പറമ്പ്: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏഴു പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ തലയോലപ്പറമ്പ് ഗവ. ആശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യനിരക്കില്‍ ഡയാലിസിസ് നടത്താനുള്ള സെന്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ സമാനരീതിയില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് മനസ്സിലാക്കിയശേഷമാണ് ഇവിടെ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ബ്ലോക്കിന്റെ തീരുമാന പ്രകാരം ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും മതസാമൂഹിക രാഷ്ട്രീയ പ്രതിനിധികളുടെയും സംയുക്തയോഗം ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു ചെയര്‍പേഴ്‌സണും, തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനന്‍ ജനറല്‍ സെക്രട്ടറിയുമായി നന്മ ഡയാലിസിസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്താണു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഏകദേശം രണ്ടുകോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന സെന്ററില്‍ 10 മെഷീനുകളായിരിക്കും സ്ഥാപിക്കുക. പദ്ധതി പൊതുജനങ്ങളില്‍ നിന്നു പണം സമാഹരിച്ച് ആറു മാസത്തിനുള്ളില്‍ തുടങ്ങാനാണ് ഉദ്ദേശം. ജോസ് കെ മാണി എംപി മുഖ്യരക്ഷാധികാരിയായും, കടുത്തുരുത്തി, വൈക്കം എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളുമായാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനം. പദ്ധതിയിലേക്കു സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതിയില്‍ നിന്ന് ഇളവു ലഭിക്കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ഫെഡറര്‍ ബാങ്കിന്റെ തലയോലപ്പറമ്പ് ശാഖയില്‍ തുടങ്ങിയ അക്കൗണ്ട് വഴിയാവും ട്രസ്റ്റിന്റെ പണമിടപാടുകള്‍ നടത്തുന്നത്. ട്രസ്റ്റിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഉദ്ഘാടനം ഇന്നു വൈകീട്ട് അഞ്ചിന് ജോസ് കെ മാണി എംപി നിര്‍വഹിക്കും. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് അന്നമ്മാ രാജു അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, വൈസ് പ്രസിഡന്റ് കെ എം സുധര്‍മന്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, എം വി മനോജ്, സി പി പ്രമോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top