തലയെടുപ്പോടെ മടങ്ങുന്നു; ഇറാനും സൗദിയും

മോസ്‌കോ: ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും തലയെടുപ്പോടെയാണ് ഏഷ്യന്‍ ശക്തികളായ ഇറാനും സൗദിയും നാട്ടിലേക്കു മടങ്ങുന്നത്. ഓരോ മല്‍സരങ്ങളില്‍ വീതം മാത്രമാണ് ഇരു ടീമുകളും വിജയിച്ചതെങ്കിലും റഷ്യയില്‍ മികച്ച പോരാട്ടം നടത്തിയ ശേഷമാണ് ഇരു ടീമുകളും നാട്ടിലേക്ക് വിമാനം കയറുന്നത്.
ആദ്യ മല്‍സരത്തില്‍ തന്നെ ആഫ്രിക്കന്‍കരുത്തരായ മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് ഇറാന്‍ വരവറിയിച്ചത്. പിന്നീടുള്ള ഇറാന്റെ രണ്ടു മല്‍സരങ്ങളും ലോകോത്തര ടീമുകളുമായിട്ടായിരുന്നു. എങ്കിലും കരുത്തരായ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ ടീമുകളെ വിറപ്പിച്ച ശേഷമാണ് ഇറാന്‍ ഓരോ ഗോളുകള്‍ക്ക് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ഇറാന്റെ മൂന്നാം മല്‍സരവും ആവേശം നിറഞ്ഞതായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്.  പ്രതിരോധവും മധ്യനിരയും  ക്രിസ്റ്റ്യാനോയെ വരിഞ്ഞുകെട്ടിയപ്പോള്‍ മുന്നേറ്റനിര ഒരു ഗോള്‍ മടക്കുകയും ഒന്നിലേറെ തവണ പോര്‍ച്ചുഗീസ് പ്രതിരോധത്തെ പിളര്‍ത്തി ഗോളിനടുത്തെത്തുകയും ചെയ്തു. ഇറാന്റെ കാല്‍പ്പന്തുകളി ചരിത്രം തന്നെ മാറ്റിമറിക്കാന്‍ പോന്ന അവസരമായിരുന്നു ഇഞ്ച്വറി ടൈമിന്റെ നാലാം മിനിറ്റില്‍ ലഭിച്ചത്.
പോര്‍ച്ചുഗീസ് ഗോള്‍ ഏരിയയിലേക്ക് ചാട്ടുളിപോലെ തുളച്ചിറങ്ങി ഡിഫന്‍ഡറെ തോല്‍പിച്ച് മെഹദി തരേമി ഒരു ഷോട്ട് പായിക്കുന്നു. ഗോളിയെയും കടന്നു പന്ത് പോയത് വലയുടെ വശത്തേക്ക്. പന്ത് പതിച്ചത് വലയിലാണെന്നു കരുതി ഗ്യാലറിയില്‍ ഇറാന്‍ ആരാധകര്‍ ആനന്ദനൃത്തമാടി. എന്നാല്‍, പന്ത് നെറ്റിന്റെ വശത്താണ് പതിച്ചതെന്നു തിരിച്ചറിഞ്ഞപ്പോള്‍ ആഘോഷവും ആവേശവും മെല്ലെ നിശ്ശബ്ദതയ്ക്കു വഴിമാറി. സമനില നേടിയെങ്കിലും ദൗര്‍ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഇറാന്‍ ലോകകപ്പില്‍ നിന്നു പുറത്തായി. ഇന്നലെ വിജയിച്ചിരുന്നുവെങ്കില്‍ ആറു പോയിന്റോടെ പോര്‍ച്ചുഗലിനെ മറികടന്നു ചരിത്രത്തില്‍ ആദ്യമായി ഇറാന് ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു.
നിരാശയോടെയായിരുന്നു സൗദിയുടെ ഈ ലോകകപ്പിലെ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ആതിഥേയരായ റഷ്യയോട് സൗദി അറേബ്യ തകര്‍ന്നടിഞ്ഞത്. എന്നാല്‍, രണ്ടാം മല്‍സരത്തില്‍ സൗദി കളിയുടെ താളം വീണ്ടെടുത്തു.
23ാം മിനിറ്റില്‍ സുവാറസ് നേടിയ ഗോളോടെ ഉറുഗ്വേ വിജയിച്ചെങ്കിലും മികച്ച പോരാട്ടമാണ് സൗദി കാഴ്ചവച്ചത്. രണ്ടു മല്‍സരങ്ങളില്‍ തോറ്റതോടെ പുറത്തായ സൗദി ജയത്തോടെ റഷ്യയില്‍ നിന്നു മടങ്ങുന്നതിനാണ് അവസാന അങ്കത്തില്‍ തങ്ങളേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ള സൂപ്പര്‍താരം മുഹമ്മദ് സലാഹ് നയിക്കുന്ന ഈജിപ്തിനോട് സൗദി ഏറ്റുമുട്ടിയത്. 22ാം മിനിറ്റില്‍ തന്നെ സലാഹിന്റെ ഗോളിലൂടെ ഈജിപ്ത് മുന്നിലെത്തി. എന്നാല്‍, ഇരുപകുതികളുടെയും ഇഞ്ച്വറി ടൈമില്‍ നേടിയ രണ്ടു ഗോളുകളിലൂടെ ജയിച്ചുകയറിയാണ് സൗദി അവസാന മല്‍സരം അവിസ്മരണീയമാക്കിയത്.

RELATED STORIES

Share it
Top