തര്‍ക്ക പരിഹാരത്തിന് മാര്‍പാപ്പയുടെ ഉപദേശം തേടും: ജേക്കബ് മനത്തോടത്ത്

ചാലക്കുടി: കൊരട്ടി ഫൊറോന പള്ളിയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിശ്വാസികളും അതിരൂപതയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി മാര്‍പാപ്പയുടെ ഉപദേശം തേടുമെന്ന് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ്ബ് മനത്തോടത്ത്. അധികാരമേറ്റ ശേഷം ഞായറാഴ്ച കൊരട്ടി പള്ളിയിലെത്തി വിശ്വാസികളുമായി സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
റോമിലെ സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാവുമെന്നും അദേഹം വിശ്വാസികള്‍ക്ക് ഉറപ്പ് നല്‍കി. വിഷയങ്ങള്‍ നിലനില്‍ക്കെ കഴിഞ്ഞ ആറ് മാസകാലയളവിനുള്ളില്‍ സഭാ നേതൃത്വത്തില്‍ നിന്നും ആദ്യമായാണ് ഒരു  പ്രതിനിധി കൊരട്ടി പള്ളിയിലെത്തുന്നത്. കൊരട്ടി പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ നിലവിലുള്ള സംവിധാനത്തില്‍ തന്നെ തുടരും. കാര്‍മ്മികനായി നിലവില്‍ ഫാ. വര്‍ഗീസ് തൈപറമ്പിലിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കുരുശുപള്ളിയിലെ തിരുകര്‍മ്മങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് അടുത്ത ദിവസം അറിയിപ്പുണ്ടാകും. പള്ളിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ നല്‍കാന്‍ വിശ്വസികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഇതിനായി അങ്കമാലി സുബോധയിലെ മൂന്ന് വൈദികരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
വിശ്വാസികളുടെ നിര്‍ദേശങ്ങള്‍ ഈ വൈദികര്‍ സ്വീകരിക്കും. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അപ്പസ്‌തോലിക് റോമിലേക്ക് പോകുന്നത്. സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തുന്നതോടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പരിഹാരമുണ്ടാക്കുമെന്നും അതിരൂപത അപ്പസ്‌തോലിക് അറിയിച്ചു. ഞായറാഴ്ച രാവിലെ 9ഓടെയാണ് അപ്പസ്‌തോലിക് പള്ളിയിലെത്തിയത്. തുടര്‍ന്ന് വിശ്വാസികളെ അതിസംബോധന ചെയ്തു. 11.30ഓടെ പള്ളിയില്‍ നിന്നും തിരികെ പോയി. പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അപ്പസ്‌തോലികിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പള്ളി പരിസരത്ത് വന്‍ പോലിസ് സംഘവും നിലയുറപ്പിച്ചിരുന്നു.
ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. പള്ളിയിലെ കോടികണക്കിന് രൂപയും കിലോകണക്കിന് സ്വര്‍ണ്ണവും വികാരിയും കമ്മിറ്റിയംഗങ്ങളും തിരിമറി നടത്തിയെന്നായിരുന്നു ഒരു വിഭാഗം വിശ്വാസികളുടെ ആരോപണം. കള്ളകണക്കെഴുതി കോടികള്‍ തട്ടിയെടുത്തതായും ആരോപണമുണ്ടായി.
പള്ളിയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം വില്‍പന നടത്തിയത് സംബന്ധിച്ചും വ്യക്തമായ രേഖകളില്ലായെന്നും ആരോപണമുണ്ട്. പള്ളിയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇക്കാലയളവില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തികളിലും വന്‍ തട്ടിപ്പ് നടന്നതായുമുള്ള ആരോപണം നിലനില്‍ക്കുന്നുണ്ട്.
പ്രതിഷേധ സൂചകമായി പലവട്ടം വിശ്വാസികള്‍ രാത്രി പള്ളിമണിയടിച്ച് വൈദികരടക്കമുള്ളവരെ തടഞ്ഞുവെയ്ക്കുന്നതടക്കമുള്ള സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കാനായി അതിരൂപത അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷന്‍ നടത്തിയ ആഴ്ചകളോളം നീണ്ടുനിന്ന തെളിവെടുപ്പിലും അന്വേഷണത്തിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി.
തുടര്‍ന്ന് വിശ്വാസികളുടെ ആവശ്യത്തെതുടര്‍ന്ന് പഴയ കമ്മിറ്റി പിരിച്ച് വിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചു. മാത്രമല്ല ആരോപണ വിധേയനായ വികാരിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്തു. പള്ളിയിലെ തിരുകര്‍മ്മങ്ങളുടെ നടത്തിപ്പാനായി പുതിയെ വികാരിയേയും നിയോഗിച്ചു. എന്നാല്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ വികാരിയടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പള്ളിക്ക് നഷ്ടമായ പണവും സ്വര്‍ണ്ണവും അവരില്‍ നിന്നും തിരികെപിടിക്കണമെന്നും വിശ്വാസികളുള്‍ ശഠിച്ചു.
എന്നാല്‍ ഈ ആവശ്യം രൂപത നിരാകരിച്ചു. ഇത് വീണ്ടും പ്രതിഷേധത്തിന് കാരണമായി മാറി. രൂപത നിയോഗിച്ച വികാരിയെ തടയുന്നതടക്കമുള്ള പ്രതിഷധങ്ങളും അരങ്ങേറി. പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ തടസ്സപ്പെടുമെന്ന അവസ്ഥയെത്തിയതോടെ അതിരൂപത ഇടപ്പെട്ട് വിശ്വാസികള്‍ക്ക് കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഉറപ്പ് നല്‍കി.
വിശ്വാസികളുടെ ആവശ്യപ്രകാരം ഫാ.വര്‍ഗ്ഗീസ് തൈപറമ്പിലിനെ തിരുകര്‍മ്മള്‍ നടത്താനായി താല്‍കാലികമായി നിയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ്ബ് മനത്തോടത്ത് പള്ളി സന്ദര്‍ശിച്ചത്. അപ്പസ്‌തോലികിന്റെ ഇടപെടല്‍ പ്രശ്‌ന പരിഹാരത്തിന് വഴിയാകുമെന്ന വിശ്വാസത്തിലാണ് ഇടവക ജനങ്ങള്‍.

RELATED STORIES

Share it
Top