തര്‍ക്കപ്രദേശം ഒരിഞ്ചു പോലും വിട്ടുനല്‍കില്ലെന്നു ചൈന

ബെയ്ജിങ്: തര്‍ക്കപ്രദേശങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍മാറില്ലെന്നു യുഎസിന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തര്‍ക്കവിഷയങ്ങളിലെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണ ചൈന ഉള്‍ക്കടല്‍, തായ്‌വാന്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ ചൈനയുടെ നിലപാട് ഉറച്ചതും സുവ്യക്തവുമാണ്. ചൈനയുടെ പരമാധികാരവും അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍  ഇതില്‍ നിന്ന് ഒരിഞ്ചു പോലും മാറ്റമുണ്ടാവില്ല- ഷി ജിന്‍പെങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
മുന്‍ഗാമികള്‍ കൈമാറിയ ഭൂപ്രദേശത്തു നിന്ന് ഒരിഞ്ചു പോലും വിട്ടുനല്‍കില്ല. ആരുടെയും ഒന്നും തങ്ങള്‍ കൈവശപ്പെടുത്തുകയുമില്ലെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ദക്ഷിണ ചൈനാ ഉള്‍ക്കടലിലെ ദ്വീപ്‌സമൂഹങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചൈനയും യുഎസും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്.

RELATED STORIES

Share it
Top