തര്‍ക്കത്തില്‍ കിടന്ന ഭൂമിയുടെ സര്‍വേ നടത്തിയില്ല; വില്ലേജ് ഓഫിസിന് തീയിട്ടു

കൊച്ചി: തര്‍ക്കത്തില്‍ കിടന്ന വസ്തുവിന്റെ സര്‍വേ കൃത്യസമയത്ത് നടത്തിയില്ലെന്ന് ആരോപിച്ച് വില്ലേജ് ഓഫിസിലെത്തിയയാള്‍ ഫയലുകള്‍ക്ക് തീയിട്ടു. കാഞ്ഞിരമറ്റം ആമ്പല്ലൂര്‍ വില്ലേജ് ഓഫിസിന് തീയിട്ട ചക്കാലയ്ക്കല്‍ രവിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ പത്ത് മണിയോടൊയിരുന്നു സംഭവം.
ഓഫിലേക്ക് കയറിയ ഉടന്‍തന്നെ രവി മേശപ്പുറത്തിരുന്ന ഫയലിലേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍ നിന്ന് കടന്നു.  ഈ സമയം ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വേഗത്തില്‍ തീയണച്ചതോടെ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. മേശപ്പുറത്തിരുന്ന ഏതാനും ഫയലുകളും ബില്‍ബുക്കുമാണ് കത്തിനശിച്ചത്. ഉടന്‍ പോലിസെത്തി വില്ലേജ് ഓഫിസ് സീല്‍ ചെയ്തു. വൈകാതെ കാഞ്ഞിരമറ്റത്തു നിന്ന് തന്നെ രവിയെ മുളന്തുരുത്തി പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വര്‍ഷങ്ങളായി തര്‍ക്കത്തിലിരിക്കുന്ന ഭൂമിയുടെ സര്‍വേയുമായി ബന്ധപ്പെട്ട് രവി നിരന്തരമായി റവന്യൂ ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നു . കോടതിയില്‍ നിന്ന് അനൂകൂല വിധിയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം താലൂക്ക് സര്‍വേ അധികൃതര്‍ എത്തി ഭൂമിയുടെ ഒരു ഭാഗം സര്‍വേ നടത്തിയിരുന്നു. എന്നാല്‍, കാടുപിടിച്ചു കിടന്നിരുന്ന ഭാഗം അവര്‍ സര്‍വേ നടത്തിയില്ല. കാടുതെളിച്ച ശേഷം സര്‍വേ നടത്താമെന്നായിരുന്നു അധികൃതരുടെ നിലപാട് . ഇതില്‍ അരിശംപൂണ്ടാണ് രവി വില്ലേജിലെത്തി തീയിട്ടതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
സംഭവമറിഞ്ഞ്  സ്ഥലം എംഎല്‍എ അനൂപ് ജേക്കബ് വില്ലേജ് ഓഫിസിലെത്തി. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.

RELATED STORIES

Share it
Top