തര്‍ക്കത്തിനിടെ കൊല: പ്രതി പിടിയില്‍

തിരൂര്‍: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ കുറ്റിപ്പുറം നടുവട്ടം കൈതൃക്കോവില്‍ പുത്തന്‍കോട്ട് ലത്തീഫ് മരണപ്പെട്ട സംഭവത്തില്‍ സുഹൃത്ത് തൈക്കാട്ടില്‍ അബുബക്കറിനെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി വീട്ടിലുണ്ടെന്ന വിവരം ലഭിച്ചു തിരൂര്‍ സിഐ അബദുല്‍ ബഷീറിന്റെ നേതൃത്വത്തിലെത്തിയ പോലിസ് ടെറസ്സിന്റെ വാതില്‍ പൊളിച്ചാണു രക്ഷപ്പെടാന്‍ ശ്രമിച്ച അബൂബക്കറിനെ കസ്റ്റഡിയിലെടുത്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംഭവ ദിവസം വൈകീട്ട് അങ്ങാടിയില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരെ വീടുകളിലേക്ക് പറഞ്ഞയച്ചിരുന്നു.
വീണ്ടും തിരിച്ചെത്തിയുണ്ടായ നിസ്സാര വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. ലത്തീഫിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. അബൂബക്കര്‍ കുടുംബവുമായി വേര്‍പിരിഞ്ഞു കഴിടുകയുമാണെന്നാണ് സൂചന. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. അടുത്ത സുഹൃത്തുക്കളാണു രണ്ടുപേരുമെന്നു നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top