തരൂര്‍ വികസനകാര്യ സ്ഥിരംസമിതി അംഗ തിരഞ്ഞെടുപ്പ്: ബിജെപി വോട്ടില്‍ കോണ്‍ഗ്രസ്സിന് ജയം

ആലത്തൂര്‍: തരൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരംസിമിതിയിലെ ഒരംഗത്തിന്റെ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസിന് വിജയം. നിലവിലെ സ്റ്റാന്‍ഡിങ്് കമ്മിറ്റി അംഗമായ കോണ്‍ഗ്രസ്സിലെ പ്രകാശിനി സുന്ദരന്‍ വൈസ് പ്രസിഡന്റ് ആയതിനെ തുടര്‍ന്നാണ് സ്റ്റാന്‍ഡിങ്് കമ്മിറ്റി അംഗത്തിന് വേണ്ടി തെരഞ്ഞെടുപ്പ് നടന്നത്.
16 വാര്‍ഡുള്ള തരൂര്‍ പഞ്ചായത്തില്‍ യുഡിഎഫിന് കോ ണ്‍ഗ്രസ് ഏഴ്, മുസ്ലീം ലീഗ് ഒന്ന് എന്നിങ്ങനെയും എല്‍ഡി എഫിന് സിപിഎം ആറ്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയും ബിജെപി ഒന്ന് എന്ന നിലയിലാണ് കക്ഷി നില. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും അഞ്ചാം വാര്‍ഡ് നൊച്ചൂരിലെ മെമ്പറുമായ കോണ്‍ഗ്രസ്സിലെ എംആര്‍ വത്സലകുമാരി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നതോടെ ഇരുപക്ഷവും തുല്യ നിലയിലായി.
തുടര്‍ന്നു ബി ജെപി രണ്ടാം വാര്‍ഡ് പഴമ്പാലക്കോടിലെ അംഗമായ ആര്‍ നടരാജന്‍ യുഡിഎഫിന് വോട്ടു ചെയ്തതോടെ കോണ്‍ഗ്രസ് വിജയിച്ചു. പത്താം വാര്‍ഡ് വാവുള്ള്യാപുരത്തെ കോ ണ്‍ഗ്രസിലെ സുനിത ലക്ഷ്മണനാണ് യു ഡിഎഫിനായി മത്സരിച്ചത്. ആറാം വാര്‍ഡ് തോണിപ്പാടത്തെ സിപിഎമ്മിലെ ശാന്തകുമാരിയെ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് സുനിത ലക്ഷ്മണന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫ് ഭരിക്കുന്ന തരൂര്‍ പഞ്ചായത്തില്‍ ആദ്യത്തെ രണ്ടര വര്‍ഷം അഞ്ചാം വാര്‍ഡ് നൊച്ചൂര്‍ അംഗമായ എംആര്‍ വത്സലകുമാരി വൈസ് പ്രസിഡന്റും പിന്നീട് പതിനഞ്ചാം വാര്‍ഡ് അരിയശ്ശേരിയിലെ പ്രകാശിനി സുന്ദരനും നല്‍കാനായിരുന്നു ധാരണ.ഏപ്രില്‍ 19ന് രണ്ടര വര്‍ഷം പൂര്‍ത്തിയായെങ്കിലും വത്സലകുമാരി ജൂണ്‍ നാലിനാണു രാജിക്കത്ത് കൊടുത്തത്.ജൂലൈ നാലിനു നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ പ്രകാശിനി സുന്ദരന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടത്.നേരത്തെ നിക്ഷ്പക്ഷ നിലപാടാണു ബിജെപി അംഗം ആര്‍ നടരാജന്‍ സ്വീകരിച്ചത്.
എന്നാല്‍ എം ആര്‍ വത്സലകുമാരി വിട്ടു നിന്നതോടെ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയിലായി.നറുക്കെടുപ്പിലേക്കു നീങ്ങുമായിരുന്ന സാഹചര്യത്തിലാണ് ബിജെപി അംഗം കോണ്‍ഗ്രസിന് വോട്ട് ചെയ്തത്.മുന്‍ വൈസ് പ്രസിഡന്റ് എം ആര്‍ വത്സലകുമാരി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആവശ്യപ്പെട്ടിരുന്നു.
ഇത് ലഭിക്കാത്തതിലെ അതൃപ്തിയാണു വിട്ടുനില്‍ക്കാന്‍ കാരണമായി അറിയുന്നത് .നാല് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ധനകാര്യം, ക്ഷേമകാര്യം, വികസനകാര്യം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റി യുഡിഎഫിനാണ്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്്‌ലിം ലീഗിലെ മുഹമ്മദ് ഹനീഫയാണ്.

RELATED STORIES

Share it
Top