തരുവണയിലെ കൂവണ ആദിവാസി കോളനിക്ക് ശാപമോക്ഷം

വെള്ളമുണ്ട: 17 കുടുംബങ്ങള്‍ മൂന്നു വീടുകളിലായി 20 സെന്റ് ഭൂമിയില്‍ നരകതുല്യ ജീവിതം നയിക്കുന്ന തരുവണ നടക്കല്‍ കൂവണക്കുന്ന് പണിയ കോളനിക്ക് ശാപമോക്ഷം. അംബേദ്കര്‍ സെറ്റില്‍മെന്റ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരമാണ് കോളനിയില്‍ ഒരുകോടി രൂപയുടെ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനൊരുങ്ങുന്നത്. ഊരുകൂട്ടങ്ങളില്‍ നിന്നുയരുന്ന ആവശ്യപ്രകാരമാണ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന എടിഎസ്പി പദ്ധതിയുടെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് ഡെവലപ്‌മെന്റ് പദ്ധതിയെന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്. മാനന്തവാടി മണ്ഡലത്തില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഒമ്പതു പട്ടികവര്‍ഗ കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം വെള്ളമുണ്ട പഞ്ചായത്തില്‍ നിന്നും ആലഞ്ചേരി, പടക്കോട്ട്കുന്ന്, കൂവണക്കുന്ന് കോളനികളാണ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. കോളനികളില്‍ ഊരുകൂട്ടം വിളിച്ചുകൂട്ടി ആവശ്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണ് ചെയ്യുക. ഇതിന്റെ ഭാഗമായി കൂവണക്കുന്ന് കോളനിയില്‍ ഇന്നലെ നടന്ന ഊരുകൂട്ടത്തില്‍ സ്ഥലം എംഎല്‍എ ഒ ആര്‍ കേളു, പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, വാര്‍ഡ് മെംബര്‍ കെ ജോണി, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരിലെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും 10 സെന്റ് വീതം ഭൂമി, താമസയോഗ്യമായ വീട് എന്നിവയായിരുന്നു കോളനിവാസികളുടെ പ്രാഥമികാവശ്യം. മഴക്കാലത്ത് കോളനിയിലേക്ക് നടന്നെത്താന്‍ പോലും കഴിയാത്തവിധം ദുര്‍ഘടമായ റോഡാണുള്ളത്. കോളനിയില്‍ ശ്മശാനമില്ല. വൈദ്യുതി, കുടിവെള്ളം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം ഊരുകൂട്ടത്തില്‍ വച്ച് കോളനിവാസികള്‍ പങ്കുവച്ചു. കോളനിയോട് ചേര്‍ന്ന് ഇവര്‍ക്ക് വീട് നിര്‍മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുള്‍പ്പെടുത്തി മുന്‍ഗണനാ ക്രമത്തില്‍ വിശദമായി പ്രൊജക്റ്റ് റിപോര്‍ട്ടും എസ്റ്റിമേറ്റും അധികൃതര്‍ തയ്യാറാക്കി ജില്ലാ വര്‍ക്കിങ് ഗ്രൂപ്പില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങും. തുടര്‍ന്ന് സൈറ്റ് ഏറ്റെടുത്ത് ആറു മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് പട്ടികവര്‍ഗ വകുപ്പ് ലക്ഷ്യംവയ്ക്കുന്നത്. പദ്ധതി വിജയകരമായി നടപ്പായാല്‍ വര്‍ഷങ്ങളായി കോളനിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയാവും.

RELATED STORIES

Share it
Top