തരിശ് നിവാസികള്‍ യാത്രാദുരിതത്തില്‍

കരുവാരക്കുണ്ട്: കാലവര്‍ഷം കനത്തതും അധികൃതരുടെ നിസ്സംഗതയും കാരണം തരിശിലേക്കുള്ള റോഡുകള്‍ കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായി. റോഡുകളില്‍ക്കൂടി ഗതാഗതം അസാധ്യമായതോടെ തരിശ് നിവാസികളുടെ യാത്ര ദുരിതപൂര്‍ണമാണ്. തരിശിനു പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന റോഡാണ് കിഴക്കേത്തല തരിശ് റോഡ്.
മുന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികളുടെ കാലത്തെല്ലാം മഴയെത്തും മുമ്പേ റോഡ് അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടായിരുന്നു. ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശമായ തരിശിന് പ്രത്യേക പരിഗണനയും നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ഭരണസമിതി തരിശ് റോഡിന് ഒരു പരിഗണനയും നല്‍കിയില്ലെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. തരിശിന് പുറമെ മുള്ളറ, ചേരി, കല്‍ക്കുണ്ട്, കേരളാംകുണ്ട് ടൂറിസ്റ്റ് കേന്ദ്രം, മാമ്പറ്റ, കുണ്ടോട, ചക്കാലക്കുന്ന്, നന്നങ്ങാടിക്കുന്ന്, ചേരിപ്പടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും ഉപയോഗിക്കുന്ന പ്രധാന വഴിയാണിത്. ലോറികളും ബസ്സുകളും ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന പാതയാണിത്. മഴവെള്ളത്തില്‍ ഒലിച്ചിറങ്ങിയ മണ്ണ് കൂനയായി നില്‍ക്കുന്നതും ചെറുതും വലുതുമായി രൂപപ്പെട്ട കുഴികളില്‍ വെള്ളവും ചെളിയും നിറഞ്ഞതും ഇതുവഴി ഗതാഗതം അസാധ്യമാക്കിയിരിക്കുകയാണ്. ഓട്ടോറിക്ഷകള്‍ ഈ വഴി സര്‍വീസ് നടത്താന്‍ മടി കാണിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പ് നാട്ടുകാര്‍ ഭൂമി വിട്ടു കൊടുത്ത് റോഡ് വീതി കൂട്ടിയിരുന്നു.
റോഡ് വികസനത്തിന് ഒരു കോടി രൂപ നല്‍കാമെന്ന് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. പിന്നീട് മലയോര മേഖല ഇതുവഴിയാവുമെന്ന് പറഞ്ഞ് ഫണ്ട് വകമാറ്റി. പിന്നീട് വീണ്ടും എംഎല്‍എ അരക്കോടിയുടെ പ്രഖ്യാപനം നടത്തി. പക്ഷേ, റോഡ് പണി നടന്നില്ല. ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും തിരിഞ്ഞുനോക്കിയില്ല.
ഇതോടെ റോഡ് തകര്‍ന്ന് തന്നെ കിടന്നു. അങ്ങാടി ഖാന്‍ഗാഹ് വഴിയുള്ള ബൈപാസ് റോഡിലും കുഴികള്‍ രൂപപ്പെട്ടതോടെ തരിശുകാരുടെ ദുരിതമേറുകയും ചെയ്തു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top