തയ്യല്‍ സംരംഭം: കുടുംബശ്രീയും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്നു

പാലക്കാട്: കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ കീഴില്‍ തയ്യല്‍ യൂനിറ്റുകള്‍ ആരംഭിക്കുന്ന വനിതകള്‍ക്ക് മികച്ച തയ്യല്‍ മെഷീന്‍ തിരഞ്ഞെടുക്കുന്നതിന് പ്രദര്‍ശന അവബോധ ശില്‍പശാല സംഘടിപ്പിച്ചു. പാലക്കാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് ടി വിജയന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സൈതലവി അധ്യക്ഷത വഹിച്ചു.
കനറാ ബേങ്ക് റീജ്യനല്‍ മാനേജര്‍ കെഎ സിന്ധു വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ടെക്‌സ്‌റ്റൈല്‍ ആന്റ് ഗാര്‍മെന്റ്‌സ് ബിസിനസ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല നടത്തിയത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 22 തയ്യല്‍ യൂനിറ്റുകള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കും. 1.10കോടി രൂപ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നു. സംരംഭകര്‍ക്ക് മികച്ച പരിശീലനം നല്‍കി കഴിഞ്ഞു. പദ്ധതിയുടെ രണ്ടാം ഘടത്തില്‍ സംരംഭകര്‍ക്ക് പ്രയോജപ്പെടുത്തുന്നതിന് വേണ്ടി എമ്പ്രോയിഡറി തുടങ്ങിയ വിദഗ്ദ്ധ തൊഴിലുകള്‍ക്കാവശ്യമായ ആധുനിക തയ്യല്‍ യന്ത്രങ്ങള്‍ ലഭ്യമാക്കുന്നതിന് പൊതു സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും.കുടുംബശ്രീ എഡിഎംസി ദിനേഷ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.  ഏഴ് കമ്പനികളുടെ  പവര്‍ തയ്യല്‍  മെഷീനുകള്‍ പരിചയപ്പെടുന്നതിന് സൗകര്യം ഒരുക്കിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ സംരഭകരുടെ സംശയങ്ങള്‍ക്ക് മെഷീന്‍ നിര്‍മാതാക്കള്‍ മറുപടി നല്‍കി. വ്യത്യസ്ത തരം തയ്യല്‍ മെഷീനുകള്‍ പ്രദര്‍ശനത്തിനായി ശില്‍പശാലയില്‍ തയ്യാറാക്കിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള തയ്യല്‍ മെഷീനുകള്‍ അടുത്തു കണ്ടതിന്റെ ആവേശത്തിലായിരുന്നു ശില്‍പശാലയ്‌ക്കെത്തിയ കുടുംബശ്രീ സംരഭകര്‍. മെയ് മാസത്തോടെ യൂനിറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും.

RELATED STORIES

Share it
Top