തമ്പി കണ്ണന്താനത്തിന് അന്ത്യാഞ്ജലി

കൊച്ചി: ചലച്ചിത്ര സംവിധായകനും നിര്‍മാതാവും നടനുമായ തമ്പി കണ്ണന്താന (64)ത്തിന് മലയാള സിനിമാലോകത്തിന്റെ അന്ത്യാഞ്ജലി. കരള്‍ രോഗബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തമ്പി കണ്ണന്താനം ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. ഭാര്യ കുഞ്ഞുമോള്‍. മക്കള്‍: ഐശ്വര്യ, എയ്ഞ്ചല്‍.
1953 ഡിസംബര്‍ 11ന് കോട്ടയം കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായാണ് ജനനം. 1979ല്‍ ഇതാ ഒരു തീരം എന്ന സിനിമയില്‍ അഭിനയിച്ചാണ് സിനിമാ കരിയര്‍ തുടങ്ങുന്നത്. 1980ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത ഇത്തിക്കര പക്കിയുടെ സഹസംവിധായകനായി. 1983ല്‍ താവളം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്.
നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകള്‍, മാന്ത്രികം തുടങ്ങി 15 ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു. 1981ല്‍ മമ്മൂട്ടിയെ നായകനാക്കി ആ നേരം അല്‍പദൂരം എന്ന ചിത്രവും ജാക്കി ഷ്‌റോഫിനെ നായകനാക്കി ദ ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. ആ നേരം അല്‍പദൂരം, ജന്മാന്തരം, ഫ്രീഡം എന്നീ മൂന്ന് ചിത്രങ്ങള്‍ക്കാണ് തിരക്കഥ എഴുതിയത്. അട്ടിമറി (1981), ഒലിവര്‍ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രങ്ങളില്‍ അഭിനേതാവിന്റെ വേഷവുമണിഞ്ഞു.
ഇന്നലെ മൂന്നരയോടെയാണ് തമ്പി കണ്ണന്താനത്തിന്റെ ഭൗതിക ശരീരം എറണാകുളം ടൗണ്‍ഹാളിലേക്ക് എത്തിച്ചത്. സിനിമാ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ പൊതുദര്‍ശനം ഒരുക്കി. സംവിധായകരായ ജോഷി, ഫാസില്‍, സിബി മലയില്‍, രഞ്ജിത്, ബ്ലെസി, ജോഷി മാത്യു, ബൈജു കൊട്ടാരക്കര, നിര്‍മാതാക്കളായ ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍, നടന്‍മാരായ ജനാര്‍ദനന്‍, കുഞ്ചന്‍, മനോജ് കെ ജയന്‍, എംപിമാരായ കെ വി തോമസ്, റിച്ചാര്‍ഡ് ഹേ, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി ടി തോമസ്, റോജി എം ജോണ്‍, മേയര്‍ സൗമിനി ജെയിന്‍, മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവ് എം എം ലോറന്‍സ്, സിറോ മലബാര്‍ സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്, ജിസിഡിഎ ചെയര്‍മാന്‍ വി സലീം, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ടൗണ്‍ഹാളിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
6 മണിക്കു ശേഷം മൃതദേഹം എറണാകുളത്തെ ഫഌറ്റിലേക്ക് കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തുള്ള വസതിയിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് 2ന് പാറത്തോട് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

RELATED STORIES

Share it
Top