'തമിഴ് അഭയാര്‍ഥികളോട് കാണിച്ച പരിഗണന റോഹിന്‍ഗ്യര്‍ക്ക് നിഷേധിക്കുന്നതെന്ത്'

ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധകാലത്ത് ശ്രീലങ്കയില്‍ നിന്നു വന്ന തമിഴ് വംശജരോട് കാണിച്ച പരിഗണന രോഹിന്‍ഗ്യകള്‍ക്ക് നിഷേധിക്കുന്നതെന്തെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയോട് ചോദിച്ചു. ബുദ്ധവംശീയവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനോടായിരുന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ ഭൂഷണ്‍ ഇക്കാര്യം ഉന്നയിച്ചത്.
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധകാലത്ത്  കേന്ദ്രസര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള ധാരണപ്രകാരം ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കിയിരുന്നു. എന്നാല്‍, ഈ സൗകര്യങ്ങള്‍ രോഹിന്‍ഗ്യകള്‍ക്ക് നിഷേധിക്കപ്പെടുന്നു. അവരെ തിരിച്ചയക്കാന്‍ നടപടിയെടുക്കുന്നു.  ലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് ലഭിച്ച അതേ ആനുകൂല്യവും പദവിയും രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കും ലഭ്യമാക്കണം.
റോഹിന്‍ഗ്യകള്‍ സ്വദേശത്തേക്കു മടങ്ങിയാല്‍ കൊല്ലപ്പെട്ടേക്കാമെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍മാര്‍ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചയക്കുന്ന നടപടി  ഉണ്ടാവരുത്. അഭയമന്വേഷിച്ചുവരുന്നവര്‍ക്കു നേരെ മയക്കുവെടിയും മുളക് പൊടി സ്‌പ്രേയും ഉപയോഗിക്കുന്നത് രാജ്യാന്തര അഭയാര്‍ഥി നിയമത്തിനു വിരുദ്ധമാണെന്നും ഭൂഷണ്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച അധികസത്യവാങ്മൂലവും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ സജീവമായ നീക്കം നടത്തിവരുകയാണെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.  അഭയമന്വേഷിച്ചുവരുന്ന റോഹിന്‍ഗ്യകള്‍ക്ക് നേരെ  അതിര്‍ത്തി രക്ഷാസേന  മുളക് പൊടി സ്‌പ്രേ പ്രയോഗിക്കുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ ഒരാഴ്ചത്തെ സാവകാശം കൂടി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.  നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ രോഹിന്‍ഗ്യന്‍ വംശജരുടെ കാര്യത്തില്‍ സന്തുലിതസമീപനം വേണമെന്നും കേസില്‍ അന്തിമതീരുമാനമുണ്ടാവുന്നതുവരെ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്നു നാടുകടത്തരുതെന്നും സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top