തമിഴ്‌നാട് മന്ത്രിയുടെയും ഡിജിപിയുടെയും വസതികളില്‍ റെയ്ഡ്‌

ന്യൂഡല്‍ഹി: ഗുട്ക കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി വി വിജയഭാസ്‌കര്‍, ഡിജിപി ടി കെ രാജേന്ദ്രന്‍ എന്നിവരുടെ വസതികളിലടക്കം 40 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. മുന്‍ പോലിസ് കമ്മീഷണര്‍ എസ് ജോര്‍ജിന്റെ വസതിയിലും റെയ്ഡ് നടന്നു. കര്‍ണാടക, മുംബൈ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലായി അഞ്ചിടങ്ങളിലും തമിഴ്‌നാട്ടിലെ 35 സ്ഥലങ്ങളിലുമാണു റെയ്ഡ് നടന്നത്. ഒരു ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വസതിയിലും റെയ്ഡ് നടന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 250 കോടി രൂപയുടെ നികുതി വെട്ടിപ്പുമായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെ പാന്‍മസാല, ഗുട്ക ഉല്‍പാദകന്റെ വീടും ഗോഡൗണും ഓഫിസും റെയ്ഡ് ചെയ്തതോടെയാണ് കുംഭകോണം പുറത്തുവന്നത്. ഗുട്ക ഉല്‍പാദകരില്‍ നിന്ന് പണം സ്വീകരിച്ചവരുടെ പേരടങ്ങിയ ഡയറി റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. 2013ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗുട്ക, പാന്‍മസാല ഉള്‍പ്പടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ചിരുന്നു. ഏതെങ്കിലും സംസ്ഥാനത്തെ ഡിജിപിയുടെ വസതി സിബിഐ റെയ്ഡ് ചെയ്യുന്നത് അപൂര്‍വമാണ്. അതേസമയം, മന്ത്രിയുടെയും ഡിജിപിയുടെയും വസതികളില്‍ റെയ്ഡ് നടന്ന സംഭവം തമിഴ്‌നാടിന് അപമാനകരമാണെന്നും ഇരുവരെയും പുറത്താക്കണമെന്നും ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top