തമിഴ്‌നാട് ബസ് സമരം: കൂടുതല്‍ സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി

വാളയാര്‍:  തമിഴ്‌നാട് സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ സമരം തുടരുന്നതിനാല്‍ കേരളത്തിലേക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തി വരുമാനത്തില്‍ വര്‍ധനവുണ്ടാക്കി. കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങലിലേക്ക് തമിഴ്‌നാട് ബസ്സുകള്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ ആറുദിവസമായി കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.
തമിഴ്‌നാട്ടിലേക്ക് ഏറ്റവും കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്ന ഡിപ്പോകളിലൊന്നാണ് പാലക്കാട്. തിരക്ക് കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കോയമ്പത്തൂരിലേക്ക് പാലക്കാട് ഡിപ്പോയില്‍ നിന്നു മാത്രം 8 അധിക സര്‍വീസുകളാണ് നടത്തിയത്. ചൊവ്വാഴ്ച യാത്രക്കാര്‍ കുറവായതിനാല്‍ അധിക സര്‍വീസിന്റെ ആവശ്യം വന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ അധിക സര്‍വീസ് നടത്താനാണ് അധികൃതരുടെ തീരുമാനം. ബസ്സുകളില്‍ യാത്രക്കാര്‍ നിറയുന്നതിനനുസരിച്ചാണ് സര്‍വീസ് നടത്തുന്നത്.
നിലവിലുള്ള ജീവനക്കാര്‍ക്ക് ഓവര്‍ടൈം നല്‍കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തിയത്. എന്നാല്‍ സമരത്തില്‍ പങ്കെടുക്കാത്ത തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിന്റെ ചില ബസ്സുകള്‍ കോയമ്പത്തൂരില്‍ നിന്നു പാലക്കാട്ടേക്ക് നടത്തുന്നുണ്ടെങ്കിലും പൊള്ളാച്ചിയില്‍ നിന്ന് തമിഴ്‌നാട് സര്‍വീസുകളില്ല. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ സമരം തുടങ്ങിയ ശേഷം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 18 ലക്ഷം രൂപ വീതമാണ് പാലക്കാട് ഡിപ്പോയുടെ വരുമാനം.
ക്രിസ്തുമസ്- പുതുവത്സര സീസണില്‍ അധിക സര്‍വീസ് നടത്തിയപ്പോള്‍ 14 ലക്ഷമായിരുന്നു ദിവസ വരുമാനമെങ്കില്‍ ഇതിലുമധികമായിരുന്നു കഴിഞ്ഞ ദിവസത്തെ കലക്ഷന്‍. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളിലെ തൊഴിലാളികള്‍ കഴിഞ്ഞ അഞ്ച് മുതലാണ് വേതനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട മേഖലയിലെ 17 ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സമരമാരംഭിച്ചത്. ഭരണ കക്ഷിയായ എഐഎഡിഎംകെ അനുകൂല സംഘടനകള്‍ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

RELATED STORIES

Share it
Top