തമിഴ്‌നാട് : ഡിഎംകെ എംഎല്‍എമാരെ പുറത്താക്കിചെന്നൈ: ഫെബ്രുവരിയില്‍ കെ പളനിസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുന്നതിന് മുമ്പ് അണ്ണാ ഡിഎംകെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങി എന്ന ആരോപണത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് വന്‍ ബഹളം സൃഷ്ടിച്ച ഡിഎംകെ അംഗങ്ങളെ തമിഴ്‌നാട് നിയമസഭയില്‍ നിന്ന് പുറത്താക്കി. ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്റെ ആവശ്യം നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ തള്ളി. സ്വകാര്യ ടിവി ചാനലിന്റെ ഒളികാമറാ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആരോപണം ചര്‍ച്ച ചെയ്യാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിപാട്. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കാതിരുന്നിട്ടും ഡിഎംകെ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. സഭാ നടപടികളോട് സഹകരിക്കണമെന്ന സ്പീക്കറുടെ നിരന്തരമായ അഭ്യര്‍ഥന ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ് ഡിഎംകെ എംഎല്‍എമാരെ ഒന്നടങ്കം പുറത്താക്കാന്‍ സ്പീക്കര്‍ മാര്‍ഷലുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തോടെയാണ് മൂന്നാഴ്ച നീളുന്ന നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. വിശ്വാസവോട്ടിന് മുമ്പ് അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ക്ക് പണം നല്‍കിയെന്ന് ഒരു എംഎല്‍എ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ടിവി ചാനല്‍ പുറത്തുവിട്ടത്. ചര്‍ച്ചയ്ക്കു വിധേയമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി നിഷേധിച്ചതിന് കീഴ്‌വഴക്കങ്ങളുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. 2011ല്‍ ഡിഎംകെ അധികാരത്തിലിരിക്കെ കനിമൊഴിയുടെ പേര്‍ പരാമര്‍ശിക്കുന്ന നീരാ റാഡിയ ടേപ്പുകള്‍ ചര്‍ച്ച ചെയ്യണമെന്ന അണ്ണാ ഡിഎംകെ എംഎല്‍എയുടെ ആവശ്യം അന്നത്തെ സ്പീക്കര്‍ ആര്‍ അവു തൈയപ്പന്‍ നിരസിച്ച കാര്യം ധനപാല്‍ അനുസ്മരിച്ചു. എന്നാല്‍, ഇതൊന്നും ഡിഎംകെ അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. ഡിഎംകെ എംഎല്‍എമാര്‍ മാര്‍ഷലുകളുടെ അകമ്പടിയോടെ പുറത്തുപോയപ്പോള്‍ അവരോട് അനുഭാവം പ്രകടിപ്പ് കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് അംഗങ്ങളും സഭവിട്ടു.സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്റ്റാലിനും മറ്റ് ഡിഎംകെ എംഎല്‍എ മാരും സെക്രട്ടേറിയറ്റിന് പുറത്തെ റോഡ് ഉപരോധിച്ചു. ഇതെ തുടര്‍ന്ന് പോലിസ് അവരെ അറസ്റ്റ് ചെയ്തു നീക്കി. പളനിസ്വാമി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top