തമിഴ്‌നാട്‌റേഷനരി കടത്ത് കിഴക്കന്‍ മേഖലയില്‍ വ്യാപകം

ചിറ്റൂര്‍: അതിര്‍ത്തി മേഖലയായ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തമിഴ്‌നാട് റേഷനരി മാഫിയകള്‍ പിടിമുറുക്കുന്നു.  ജില്ലയില്‍ അരി കടത്ത് കേസുകള്‍ കൂടുതല്‍ പിടിക്കപ്പെട്ടിട്ടുള്ളത് കൊഴിഞ്ഞാമ്പാറ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാത്രം 15 കേസുകളിലായി 40ടണ്‍ റേഷനരിയാണ് പിടികൂടി സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് കൈമാറിയിട്ടുള്ളത്. കോഴിക്കടത്തിന് സമാനമായ മാഫിയകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
തമിഴ്‌നാട്ടില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് രണ്ടു രൂപയ്ക്കും നല്‍കുന്ന അരിയാണ് അതിര്‍ത്തി കടന്നെത്തുന്നത്. അഞ്ചു രൂപ മുതല്‍ മുതല്‍ പത്തുരൂപ വരെ നല്‍കി കടത്തുന്ന അരി കേരള അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോഡൗണുകളിലെത്തിക്കും.
പിന്നീട് പോളിഷ് ചെയ്ത് വ്യാജ ബില്‍ ഉണ്ടാക്കി വിപണിയിലെത്തും. വില 30 മുതല്‍ 35 രൂപ വരെയാവുകയും ചെയും. ഇതുതന്നെയാണ് ഇത്തരക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതും. പോലിസ് അനധികൃത റേഷനരി കണ്ടെടുക്കുമെങ്കിലും ബില്ല് സമര്‍പ്പിച്ചാല്‍ സപ്ലൈ ഓഫിസില്‍ നിന്ന് അരികെ തിരികെ ലഭിക്കും. അതു കൊണ്ടുതന്നെ പിടിക്കപ്പെട്ടാലും വ്യാജ ബില്‍ തയ്യാറാക്കി അരി മാഫിയകള്‍ വീണ്ടെടുക്കുന്നത് പതിവ് സംഭവുമാണ്. ബില്ല് സപ്ലൈ ഓഫിസര്‍ വേണ്ട വിധം പരിശോധിക്കാത്തതും മാഫിയകള്‍ക്ക് ഗുണം ചെയ്യുന്നു.

RELATED STORIES

Share it
Top