തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കിലയില്‍

മുളംകുന്നത്തുകാവ്: കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെസംബന്ധിച്ചും കൂടുതല്‍ മനസ്സിലാക്കുന്നതിനു തമിഴ്‌നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം നാലു ദിവസത്തെ സന്ദര്‍ശനത്തിനു കിലയിലെത്തി.
തമിഴ്‌നാട്ടിലെ ഗ്രാമവികസന ഇന്‍സ്‌ററിറ്റിയൂട്ടിലെ ഫാക്കല്‍റ്റികളും പഞ്ചായത്തുവകുപ്പിലെ അസി.ഡയറക്ടര്‍മാരുമടങ്ങുന്ന സംഘത്തില്‍ 29 പേരുണ്ട്. കില ഡയറക്ടര്‍ ഡോ.സണ്ണി ജോര്‍ജ് സംഘാംഗങ്ങളെ സ്വാഗതം ചെയ്തു. കേരളത്തെക്കുറിച്ചും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രഫ.ടി രാഘവന്‍ സംസാരിച്ചു.
കേരളത്തിലെ ജനാധിപത്യ അധികാരവികേന്ദ്രീകരണം, പഞ്ചായത്ത് സ്ഥാപനങ്ങളിലെ ധനവികേന്ദ്രീകരണം, പഞ്ചായത്തുകളിലേക്കു വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, പങ്കാളിത്ത ആസൂത്രണം, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍, ബാലസൗഹൃദ തദ്ദേശഭരണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. ഡോ.ജെ ബി രാജന്‍, ഡോ.പീറ്റര്‍ എം രാജ്, സി രാധാകൃഷ്ണന്‍, പി വി രാമകൃഷ്ണന്‍ ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കി. അടുത്ത രണ്ടുദിവസങ്ങളിലായി അവണിശ്ശേരി ഗ്രാമപഞ്ചായത്ത്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം അവിടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മീന്‍വല്ലം സൂക്ഷ്മ ജലവൈദ്യുതി പദ്ധതിയും സംഘം സന്ദര്‍ശിക്കും.

RELATED STORIES

Share it
Top