തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയും

ചിറ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം പോലും നല്‍കാതെ ജില്ലയെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിട്ട തമിഴ്‌നാടിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങളെ അതിര്‍ത്തിയില്‍ തടയാന്‍ തീരുമാനം. ഇന്നലെ ചിറ്റൂര്‍ മിനിസിവില്‍ സ്‌റ്റേഷനില്‍ ചിറ്റൂര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തിരുമാനം.
തമിഴ്‌നാട്ടില്‍ നിന്നു വരുന്ന പച്ചക്കറി, പാല്‍, കോഴി ഉള്‍പ്പെടെയുള്ള വാഹനങ്ങളെ വാളയാര്‍ മുതല്‍ ഗോവിന്ദപുരം വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 മണി മുതലാണ് തടയുന്നത്. ജലപ്രശ്‌നത്തില്‍ തമിഴ്‌നാട് അനുകൂല നിലപാട് സ്വീകരിക്കുന്നതുവരെ ചരക്ക് വാഹനങ്ങളെ തടയാനാണ് നീക്കം.
ദക്ഷിണേന്ത്യന്‍ ജലവിഭവ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്രമന്ത്രി കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നല്‍ക്കണമെന്ന നിലപാട് സ്വീകരിച്ചിട്ടും തമിഴ്‌നാട് വെള്ളം നല്‍കാന്‍ തയാറായിട്ടില്ലെന്നും എംഎല്‍എ കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ജലപ്രശ്‌നത്തില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിക്കുന്നതിനാണ് സമരം.
തമിഴ്‌നാടിന്റെ ചരക്ക് വാഹനങ്ങളെ ബഹിഷ്‌കരിക്കുന്നതിനൊപ്പം അതിര്‍ത്തിയില്‍ സ്ത്രീകളും കുട്ടികളുമടക്കം കുടവുമായി സത്യഗ്രഹവും നടത്തും. അതേസമയം മുന്നൊരുക്കമില്ലാതെ സംസ്ഥാന അതിര്‍ത്തികളില്‍ നിത്യോപയോഗ സാധനങ്ങളുമായി വരുന്ന ചരക്കു വാഹനങ്ങള്‍ തടയാനുള്ള ഭരണമുന്നണിയുടെ തീരുമാനം വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്ന കര്‍ഷകരോടും സാധാരണക്കാരോടും കാണിക്കുന്ന ക്രൂരതയാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ഇ എന്‍ രവിന്ദന്‍, സിപിഐ മണ്ഡലം സെക്രട്ടറി ഹരി പ്രകാശ്, കണക്കമ്പാറ ബാബു, മണികുമാര്‍, കെ ചെന്താമര സംസാരിച്ചു.

RELATED STORIES

Share it
Top