തമിം ഇക്ബാല്‍ തിളങ്ങി; ബംഗ്ലാദേശിന് എട്ട് വിക്കറ്റ് ജയംധക്ക: ട്രൈ നാഷനല്‍ സീരിയസിലെ സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിന് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ പോരാട്ടം 49 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 28.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. അപരാജിത അര്‍ധ സെഞ്ച്വറി നേടിയ തമിം ഇക്ബാലിന്റെ (84*) ബാറ്റിങാണ് ആതിഥേയര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് സിംബാബ്‌വെയെ ബാറ്റിങിനയക്കുകയായിരുന്നു.  സിംബാബ്‌വെ നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സിക്കന്തര്‍ റാസയാണ് (52) ടോപ് സ്‌കോറര്‍. ബംഗ്ലാദേശിന് വേണ്ടി ഷക്കീബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍, റൂബന്‍ ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. 171 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി തമിം ഇക്ബാല്‍ തിളങ്ങിയതോടെ അനായാസം ടീം വിജയം കണ്ടു. എട്ട് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു ഇക്ബാലിന്റെ അര്‍ധ സെഞ്ച്വറി. അനാമുല്‍ ഹഖ് 19 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷക്കീബ് അല്‍ ഹസന്‍ 37 റണ്‍സുമായി മടങ്ങി.  മുഷ്ഫിഖര്‍ റഹീം (14) പുറത്താവാതെ നിന്നു.

RELATED STORIES

Share it
Top