തന്റെ പവിത്രമായ പ്രതിഛായക്ക് കളങ്കം വരുത്താനുള്ള ശ്രമം;നൈറ്റ് ക്ലബ്ബ് ഉദ്ഘാടനത്തില്‍ വിശദീകരണവുമായി ബിജെപി എംപി

ലഖ്‌നൗ: നൈറ്റ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തിന്റെ പേരില്‍ വിവാദത്തിലായ ബിജെപി എംപി സാക്ഷി മഹാരാജ് വിശദീകരണവുമായി രംഗത്ത്. റസ്റ്ററന്റ് ആണെന്ന് കരുതിയാണ് താന്‍ അത് ഉദ്ഘാടനം ചെയ്ത് എന്നാണ് സാക്ഷി മഹാരാജിന്റെ വിശദീകരണം. തന്റെ പവിത്രമായ പ്രതിഛായക്ക് കളങ്കം വരുത്താനാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു.തന്റെ മണ്ഡലമായ ഉന്നാവോയിലെ അഭിഭാഷകന്‍ രാജന്‍ സിങ് ചൗഹാന്‍ തെറ്റിദ്ധരിപ്പിച്ചാണ്  തന്നെ ഉദ്ഘാടനത്തിന് കൂട്ടികൊണ്ടുപോയത്. റസ്റ്ററന്റ് ഉടമകളായ സുമിത് സിങും അമിത് ഗുപ്തയും താന്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധം പിടിച്ചതായി രാജന്‍ ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയിലേക്ക് പോകേണ്ട തിരക്കിലായിരുന്ന താന്‍ പെട്ടന്ന് ഉദ്ഘാടനം നടത്തി പോകുകയായിരുന്നു. അത് നൈറ്റ് ക്ലബ്ബാണെന്നും മദ്യശാലയാണെന്നും പിന്നീട് മാധ്യമങ്ങള്‍ വഴിയും മറ്റ് ചിലര്‍ പറഞ്ഞുമാണ് താന്‍ അറിഞ്ഞത്. ഇതിന് പിന്നാലെ റസ്റ്ററന്റിന്റെ ലൈസന്‍സ് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അത് കാണിക്കാന്‍ തയ്യാറായില്ല. എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. റസ്റ്ററന്റ് എന്ന് പറഞ്ഞ് നടത്തുന്ന ഈ നൈറ്റ് ക്ലബ്ബിനെക്കുറിച്ച് അന്വേഷണം നടത്തണം. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top