തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്കൊച്ചി : പാഠപുസ്തകങ്ങളില്‍ നിന്ന് തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും എന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍ നിന്നും രചനകള്‍ ഒഴിവാക്കണം. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്, അക്കാദമിക്ക് ആവശ്യങ്ങള്‍ക്ക് കവിത ദുര്‍വിനിയോഗം ചെയ്യരുത്- ചുള്ളിക്കാട് ആവശ്യപ്പെട്ടു.
'അക്ഷരം അറിയാത്തവര്‍ എന്തിന് എന്റെ കവിത പഠിക്കുന്നു ? ആദ്യം മലയാളം അക്ഷരം പഠിക്കട്ടെ. മലയാള ഭാഷ തെറ്റുകൂടാതെ അറിയാന്‍ വയ്യാത്ത തലമുറകള്‍ എന്നെ മറന്നു പോകട്ടെ. എന്നെ ഓര്‍ക്കേണ്ട, എന്റെ കവിതയും വായിക്കേണ്ട.'- എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചുള്ളിക്കാട് പറഞ്ഞു.
വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് തന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കുകൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ,മതം,ജാതി,രാഷ്ട്രീയസ്വാധീനം,സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കുന്നു. അബദ്ധപഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണ ബിരുദം നല്‍കുന്നു. ഭാഷ പഠിപ്പിക്കാന്‍ യോഗ്യതയില്ലാത്തവര്‍ അധ്യാപകരായതോടെ ഒരു തലമുറതന്നെ ഭാഷാനിഷേധികളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top