തന്നെ സസ്‌പെന്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിക്കാതെ: ഹാരിസ് ചൂരി

കാസര്‍കോട്: ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ സംസ്ഥാന പ്രസിഡന്റ് സസ്‌പെന്റ് ചെയ്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹാരിസ് ചൂരി പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. മാത്രവുമല്ല കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. നിലവില്‍ താന്‍ കമ്മിറ്റിയുടെ പ്രസിഡന്റല്ല. കഴിഞ്ഞമാസം 27നാണ് മുന്‍സിഫ് കോടതി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനത്തെ സ്റ്റേ ചെയ്തത്. 2009ല്‍ പല കാറ്റഗറികളിലായി അണ്ടര്‍-19, അണ്ടര്‍-23, അണ്ടര്‍-25, രഞ്ജി ട്രോഫി ലോജിസ്റ്റിക് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ താന്‍ പ്രവര്‍ത്തിച്ചുവരികയാണ്. 2018 മാര്‍ച്ച് വരെ സേവനം അനുഷ്ടിച്ചിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ റൂം ബൂക്കിങ്, വിമാന ടിക്കറ്റ് ബൂക്കിങ് എന്നിവ പല കമ്പനികളുമായാണ് നേരത്തെ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയത് താനായിരുന്നു. മധ്യവര്‍ത്തികളെ ഒഴിവാക്കി. കെസിഎക്ക് പ്രതിവര്‍ഷം 40 ലക്ഷത്തോളം രൂപ ഈയിനത്തില്‍ ലാഭമുണ്ടാക്കി. 2016-17 കാലഘട്ടത്തില്‍ ലോജിസ്റ്റിക്കിലെ 8,80,700 രൂപയുടെ ബില്‍ കെസിഎക്ക് യഥാസമയം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ രണ്ട് ബില്ലുകള്‍ അജണ്ടയില്‍പെടുത്താതെയാണ് തന്നെ സസ്‌പെന്റ് ചെയ്തത്. മുന്‍ പ്രസിഡന്റും സെക്രട്ടറിയുമായ ടി സി മാത്യുവിന്റെ അനുകൂലിയായതിനാലാണ് തനിക്കെതിരെ നടപടി സ്വീകരിച്ചത്. ടി സി മാത്യുവിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ഇതിന് മാന്യയില്‍ 8.26 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. 2010-12 കാലഘട്ടത്തില്‍ പത്രപരസ്യത്തിലൂടെയാണ് സ്ഥലം വാങ്ങിയത്. പലരും വൈറ്റ്മണിയില്‍ സ്ഥലംനല്‍കാന്‍ തയ്യാറായില്ല. വിന്‍ടെച്ച് ഗ്രൂപ്പ് ഇതിന് മുന്നോട്ടുവന്നു. കെസിഎ സബ് കമ്മിറ്റി രൂപീകരിച്ചു. സെന്റിന് 5400 രൂപ പ്രകാരമാണ് സ്ഥലം വാങ്ങിയത്. ഗ്രൗണ്ട് ലവലാക്കി മല്‍സരത്തിനെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാമെന്ന് സ്ഥലം നല്‍കിയവര്‍ സമ്മതിച്ചിരുന്നു. ടി സി മാത്യുവിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് കെസിഎ രൂപീകരിച്ച സബ് കമ്മിറ്റിയില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെസിഎ അംഗവും അന്നത്തെ ജില്ലാ സെക്രട്ടറിയുമായ വ്യക്തി ഇക്കാര്യം എന്‍ക്വയറി കമ്മീഷനെ അറിയിച്ചിരുന്നു. കാസര്‍കോട് സ്‌റ്റേഡിയത്തില്‍ പിച്ച് നിര്‍മാണത്തിന്റെ ഉത്തരവാദിത്വം ഹാരിസ് ചൂരിയെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. 37.27 ലക്ഷം രൂപ കാസര്‍കോട് സ്‌റ്റേഡിയത്തിന് കളിമണ്ണ് വാങ്ങാനും ഉപയോഗിച്ചു. കളിമണ്ണ് കര്‍ണാടക മാണ്ഡ്യയില്‍ നിന്നാണ് ഒരു ടണ്ണിന് 1600 രൂപ നിരക്കില്‍ വാങ്ങിയിരുന്നത്. മറ്റുള്ള പിച്ചുകളെ അപേക്ഷിച്ച് കര്‍ണാടകയില്‍ നിന്നുള്ള ക്യൂറേറ്ററുടെ നേതൃത്വത്തിലാണ് നിര്‍മിച്ചത്. ഈ പിച്ച് പത്ത് വര്‍ഷത്തോളം ഗ്യാരണ്ടിയുള്ളതാണ്. മറ്റുള്ള സ്‌റ്റേഡിയങ്ങളില്‍ ഉള്ള പിച്ചുകള്‍ രണ്ടുവര്‍ഷം മാത്രമാണ് നിലനില്‍ക്കുന്നത്. കര്‍ണാടകയില്‍ നിന്ന് ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കളിമണ്ണ് കൂടുതലായി കിട്ടുന്നത്. അതുകൊണ്ടാണ് നിര്‍മാണം വൈകിയത്. ബില്ല് നല്‍കാനും വൈകിയത് ഈ കാരണം കൊണ്ടാണ്-അദ്ദേഹം പറഞ്ഞു. ജില്ലയിലെ കായിക പ്രേമികളെ നിരാശയിലാക്കാനുള്ള നീക്കമാണ് കെസിഎയിലെ ഒരു വിഭാഗം നടത്തുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഹാരിസ് തേജസിനോട് പറഞ്ഞു.RELATED STORIES

Share it
Top