തന്നെ ആരും തള്ളിപ്പറഞ്ഞിട്ടില്ല;ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കരുത്:ശോഭാ സുരേന്ദ്രന്‍തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി നേതാക്കളെ ഒ രാജഗോപാല്‍ എംഎല്‍എ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത നിഷേധിച്ച് ശോഭാ സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായ തന്റെ പ്രസ്താവന ആരും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണറെ താന്‍ അപമാനിച്ചിട്ടില്ല. താന്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ആടിനെ പട്ടിയാക്കുന്ന സമീപനം ശരിയല്ല. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സമാധാന ചര്‍ച്ചക്ക് ശേഷം നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് തവണ ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം സംഭവത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
ഗവര്‍ണര്‍ക്കെതിരെ പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല. താന്‍ ഗവര്‍ണറെ അപമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
ഗവര്‍ണര്‍ക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയെ തള്ളി ഒ രാജഗോപാല്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നും ഗവര്‍ണറെ അപമാനിക്കുക തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമല്ലെന്നും ഒ രാജഗോപാല്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ജസ്റ്റിസ് പി സദാശിവം ഇറങ്ങിപ്പോകണമെന്നായിരുന്നു കഴിഞ്ഞദിവസം ശോഭാസുരേന്ദ്രന്‍ പറഞ്ഞിരുന്നത്.

RELATED STORIES

Share it
Top