തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫഌക്‌സ് പൂര്‍ണമായും ഒഴിവാക്കണം: ജില്ലാകലക്ടര്‍പത്തനംതിട്ട: ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍  അവരുടെ പരിപാടികള്‍ക്ക് ഫഌക്‌സ് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ. ഫഌക്‌സിനു പകരം തുണിയില്‍ ബാനറുകളും മറ്റും തയാറാക്കുന്നതിന് കഴിയും. ഇതിലേക്ക് മാറുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടി തയാറാകണം. സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാംതന്നെ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കി ഫഌക്‌സുകളും മറ്റു പുനരുപയോഗിക്കാന്‍ കഴിയാത്ത വസ്തുക്കളും നിരോധിച്ചിട്ടുണ്ട്. ഈ പാത പിന്തുടരാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടി തയാറായാല്‍ ജില്ലയെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയും. ഹോട്ടലുകളില്‍ പ്ലാസ്റ്റിക് കവറുകളില്‍ ചൂട് ഭക്ഷണ സാധനങ്ങള്‍ പാഴ്‌സല്‍ നല്‍കുന്നത് ഇപ്പോഴും തുടരുകയാണ്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. ഇക്കാര്യത്തിലും കാര്യക്ഷമമായ ഇടപെടലുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമായി നടത്തുന്നതിന് നടത്തുന്ന വെറ്റിങ് ഓഫീസര്‍മാരുടെ പരിശീനത്തില്‍ ചില ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത് പദ്ധതി നിര്‍വഹണത്തിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ മുന്നറിയിപ്പ് നല്‍കി. മുന്‍കൂറായി തുക നിക്ഷേപിച്ച് ഏറ്റെടുക്കേണ്ട പദ്ധതികള്‍ക്കുള്ള തുക ഒന്നാം പാദവര്‍ഷത്തില്‍ തന്നെ ബന്ധപ്പെട്ട നിര്‍വഹണ ഏജന്‍സിക്ക് കൈമാറണം. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് തദ്ദേശഭരണ ഭാരവാഹികള്‍ക്ക് കൂടുതല്‍ അറിവുകള്‍ നല്‍കുന്നതിന് ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ടിന് എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top