തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും പദവിയും സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രിഓയൂര്‍: നാടിന്റെ എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  കൂടുതല്‍ അധികാരവും പദവിയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ താലൂക്ക് ആരോഗ്യ കേന്ദ്രങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കും.  വെളിനല്ലൂര്‍ പഞ്ചായത്ത് ഓയൂര്‍ ടൗണില്‍ നിര്‍മിച്ച പഞ്ചായത്ത് ഷോപ്പിങ്  കോംപ്ലക്‌സിന്റെ  ഉദ്ഘാടനം നിര്‍വ്വഹി—ക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പദ്ധതി തുകകള്‍ ചെലവാക്കുന്നതുമൂലം വേണ്ട രീതിയില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതങ്ങള്‍ ചെലവഴിക്കുന്നതിന് സമൂലമായ മാറ്റം വരുത്തും. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ തുകകള്‍ ചെലവഴിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് നടപടികളുണ്ടാവും.  ഇത്തരത്തില്‍ പണം ചെലവഴിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണം. സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ച് നല്‍കും. സമുച്ചയത്തിലെ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. ഭവനം നിര്‍മിച്ച് നല്‍കല്‍ മാത്രമല്ല, ജീവിതസൗകര്യവും ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  കുടുംബഡോക്ടര്‍ എന്ന ആശയം ആരോഗ്യരംഗത്ത് നടപ്പില്‍  ഒന്നു മുതല്‍ പ്ലസ് ടൂ വരെയുള്ള ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്സുകളാക്കും. പൊതുവിദ്യാലയങ്ങളുടെ നിലവാരം പൂര്‍വ്വ വിദ്യാര്‍ഥികളുടേയും പിടിഎയുടേയും നാട്ടുകാരുടേയും ജനപങ്കാളിത്തത്തോടെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കാലാവാസ്ഥ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് പരിസ്ഥിതിതി ദിനത്തില്‍ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. അസി.എന്‍ജിനീയര്‍ എന്‍ പ്രദീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെളിനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ നിര്‍മ്മല, ജില്ലാ പഞ്ചായത്തംഗം ഗിരിജാകുമാരി, ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് എസ് അരുണാദേവി, വൈസ് പ്രസിഡന്റ് സാം കെ ഡാനിയേല്‍, ബ്ലോക്കംഗം എസ് എസ് ശരത്, വെളിനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.നൗഷാദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹ്‌റാബീവി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി സനല്‍, വാര്‍ഡ് മെംബര്‍ ബി രേഖ,  കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി ആര്‍ സന്തോഷ്, സിപിഎം ചടയമംഗം ഏരിയാ സെക്രട്ടറി കരിങ്ങന്നൂര്‍ മുരളി, സിപിഐ ചടയമംഗലം മണ്ഡലം സെക്രട്ടറി എസ് അഷറഫ്, ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി കരിങ്ങന്നൂര്‍ മനോജ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എഎം നവാസ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി സാബു മാത്യു, പഞ്ചായത്ത് സെക്രട്ടറി എംആര്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

RELATED STORIES

Share it
Top