തദ്ദേശ സെക്രട്ടറിമാര്‍ തയ്യാറാക്കിയ അനര്‍ഹരുടെ ലിസ്റ്റ് പുനപ്പരിശോധിക്കും

കരിപ്പൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തയ്യാറാക്കിയ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളിലെ അനര്‍ഹരുടെ ലിസ്റ്റ് വീണ്ടും പുനപ്പരിശോധിക്കുന്നു. സാമൂഹിക പെന്‍ഷന്‍ ലിസ്റ്റില്‍ അര്‍ഹതയുള്ള ഗുണഭോക്താക്കളെ പുറംതള്ളി പെന്‍ഷന്‍ നിഷേധിച്ചതായി പരാതി ഉയര്‍ന്നതോടെയാണ് ലിസ്റ്റ് വീണ്ടും പുനപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ഇതിനുപുറമെ, പെന്‍ഷന്‍ വാങ്ങുന്നവര്‍ കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ലിസ്റ്റ് പുനപ്പരിശോധിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയത്. പരാതിക്കാരന്റെ അപേക്ഷ തടയാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ പെന്‍ഷന്‍ പുനസ്ഥാപിക്കില്ല. രണ്ടു പെന്‍ഷന്‍ വാങ്ങുന്നവരെ പിടികൂടി അധികം വാങ്ങിയ തുക തിരിച്ചടച്ച ശേഷം മാത്രമെ പെന്‍ഷന്‍ പുനസ്ഥാപിക്കുകയുള്ളൂ. ഇതിനായി വ്യക്തമായ അന്വേഷണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാരിനുണ്ടാവുന്ന നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും. പുനസ്ഥാപിക്കുന്ന പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡിബിടി സെല്ലില്‍ നല്‍കും. ഇവര്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ട പെന്‍ഷന്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് ധനകാര്യ വകുപ്പിനു കൈമാറും. നേരത്തേ സാമൂഹിക സുരക്ഷ പെന്‍ഷന്‍ 12 ശതമാനവും അനര്‍ഹര്‍ കൈപ്പറ്റുന്നതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിആന്റ്എജി)യുടെ പഠന റിപോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, ചില തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാദേശിക ഭരണസമിതികളും പെന്‍ഷന്‍ ലിസ്റ്റ് അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരായി 42.5 ലക്ഷം പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവര്‍ 10 ലക്ഷം പേരുമാണുള്ളത്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരായി 42.28 ലക്ഷം പേരുണ്ട്.

RELATED STORIES

Share it
Top