തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടി

കൊളംബോ: ശ്രീലങ്കയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഭരണസഖ്യത്തിന് കനത്ത തിരിച്ചടി. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിക്ക് (എസ്എല്‍എഫ്പി) 9.2 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നാം സ്ഥാനമാണ് എസ്എല്‍എഫ്പിക്ക്. മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ പിന്തുണയ്ക്കുന്ന ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി) 44.05 ശതമാനം വോട്ട് നേടി ഒന്നാമതെത്തി. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയാണ് (യുഎന്‍പി) രണ്ടാംസ്ഥാനത്ത്. 31.65 ശതമാനം വോട്ടുകളാണ് യുഎന്‍പി നേടിയത്. 2015 ആഗസ്തിലാണ് യുഎന്‍പി, എസ്എല്‍എഫ്പി പാര്‍ട്ടികള്‍ രാജ്യത്ത് ഐക്യസര്‍ക്കാര്‍ രൂപീകരിച്ചത്. അതേസമയം, ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരമായ കൊളംബോയില്‍ മുനിസിപ്പില്‍ കൗണ്‍സിലില്‍ യുഎന്‍പിക്ക് വിജയിക്കാന്‍ സാധിച്ചു. പാര്‍ട്ടിയുടെ റോസി സെനനായകെ ശ്രീലങ്കയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ കൊളംബോയിലെ ആദ്യ വനിതാ മേയറാവും. യുഎന്‍പിയും പ്രസിഡന്റ് സിരിസേനയുമായി അഭിപ്രായഭിന്നതകള്‍ നിലനിന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുഎന്‍പി മന്ത്രിമാര്‍ പലരും സിരിസേനയ്‌ക്കെതിരേ പരസ്യമായി വിമര്‍ശനങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിലും ഭരണസഖ്യത്തിലെ കക്ഷികള്‍ തമ്മിലെ അസ്വാരസ്യങ്ങള്‍ പ്രതിഫലിച്ചു. അധികാരമേല്‍ക്കുന്നതിനു മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ എസ്എല്‍എഫ്പിയു-എന്‍പി സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടത് തോല്‍വിക്ക് കാരണമായതായാണ് വിലയിരുത്തല്‍. 2020ലാണ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. പ്രാദേശിക തിരഞ്ഞെടുപ്പാണെങ്കിലും ദേശീയ വിഷയങ്ങളാണ് ഇത്തവണ ചര്‍ച്ചയായതെന്ന് എസ്എല്‍പിപി എംപി വിദുര വിക്രമനായക പ്രതികരിച്ചു. സമീപഭാവിയില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ എസ്എല്‍എഫ്പി-യുഎന്‍പി സഖ്യത്തിന് അധികാരം നിലനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top